കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എന്‍.ആര്‍. നമ്പൂതിരി (കെ.എന്‍. രാമന്‍ നമ്പൂതിരി) ജന്മഭൂമി എഡിറ്ററായി ചുമതലയേറ്റു. 2018 ഫെബ്രുവരി മുതല്‍ ജന്മഭൂമി കോട്ടയം യൂണിറ്റില്‍ റസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കോട്ടയം കുറവിലങ്ങാട് മണ്ണക്കനാട് കാഞ്ഞിരക്കാട് മനയില്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും മകനായി 1951ല്‍ ജനനം. ഗുജറാത്ത് ആനന്ദിലെ സര്‍ദാര്‍ പട്ടേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. മലയാള മനോരമ പത്രാധിപ സമിതിയില്‍ 41 വര്‍ഷം പ്രവര്‍ത്തിച്ചു.
1982ലെ ദല്‍ഹി ഏഷ്യന്‍ ഗെയിംസ്, 1990 ബീജിങ് ഏഷ്യന്‍ ഗെയിംസ്, 1997ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പാക്കിസ്ഥാന്‍ പര്യടനം, ഷാര്‍ജ കപ്പ് ക്രിക്കറ്റ് തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തു. 1990ല്‍ കായിക അധ്യാപകരുടെ ഏഷ്യന്‍ സംഘടനയും ഏഷ്യന്‍ ഗെയിംസ് ഓര്‍ഗനൈസിങ് കമ്മിറ്റിയും ഏര്‍പ്പെടുത്തിയ കായിക റിപ്പോര്‍ട്ടിങ്ങിലെ മികവിനുള്ള പുരസ്‌കാരം ലഭിച്ചു.
















