ന്യൂദല്‍ഹി: എസ്‌എൻസി ലാവ്‌ലിൻ അഴിമതിക്കേസിൽ വ്യക്തികളെ കക്ഷി ചേരാൻ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടപെടല്‍ അപേക്ഷകള്‍ ഹൈക്കോടതി തന്നെ തളളിയിട്ടുണ്ടെന്നും പിണറായി വിജയന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
സിബിഐയുടെ ഹർജിയിൽ രേഖകൾ നൽകാനും സത്യവാങ്മൂലം സമർപ്പിക്കാനും കൂടുതൽ സമയം അനുവദിക്കണമെന്ന് മുൻ ഊർജ്ജസെക്രട്ടറി മോഹന ചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിയത്. സിബിഐയ്‌ക്ക വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പിണറായി വിജയന് വേണ്ടി ഹരീഷ് സാല്‍വെയും ഹാജരായി. കേസ് മാറ്റി വയ്‌ക്കുന്നതിൽ തെിർപ്പില്ലെന്ന് സിബിഐ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപട്ടികയിലുള്ള മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും, കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരുടെ ഹർജികളുമാണ് കോടതി പരിഗണിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രിംകോടതിയെ സമീപിച്ചത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നുമാണ് സിബിഐ ആരോപണം. ലാവ്‌ലിന്‍ കരാറില്‍ വരുത്തിയ മാറ്റം അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ അറിയാതെ സാധ്യമാവില്ലെന്ന് സിബിഐയുടെ സത്യവാങ്മൂലത്തിലുണ്ട്. കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയത് ലാവ്‌ലിന്‍ കമ്പനിയുടെ അതിഥിയായി പിണറായി വിജയന്‍ കാനഡയിലെത്തിയ സമയത്താണെന്നും സിബിഐ വിശദീകരിക്കുന്നു.
കുറ്റപത്രത്തിൽ നിന്ന് പിണറായി അടക്കം പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയത് വസ്തുതകൾ പരിശോധിക്കാതെയാണ്. പിണറായി, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരറിയാതെ കരാറില്‍ മാറ്റം വരുത്താനാവില്ല. മൂവരേയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ഹൈക്കോടതി ഇക്കാര്യം പരിഗണിച്ചില്ല. കരാറോടെ ലാവ്‌ലിന്‍ കമ്പനിക്ക് വലിയ ലാഭവും കെഎസ്ഇബിയ്‌ക്ക് വന്‍ നഷ്ടവുമുണ്ടായി. പിണറായി അടക്കം മനപ്പൂര്‍വ്വം വരുത്തിയ വീഴ്ചകളാണ് ലാവ്‌ലിന് കോടികള്‍ നേടിക്കൊടുത്തത്. അതിനാൽ വിധി റദ്ദുചെയ്യണമെന്നും സിബിഐ ആവശ്യപ്പെടുന്നു.
വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ച മൂന്ന് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളെയും കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആർ.ശിവദാസ്, കസ്തൂരിരംഗ അയ്യർ, കെ.ജി. രാജശേഖരൻ എന്നിവരുടെ ആവശ്യം.
















