തൃശൂര്‍: കൈക്കൂലി വാങ്ങിയ തൃശൂര്‍ ആദായനികുതി ഓഫീസിലെ അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ജോസ് കുഞ്ഞിപ്പാലു, വിന്‍സെന്റ് ജോസഫ് എന്നിവര്‍ അടക്കമുള്ളവരെ പിരിച്ചുവിട്ടതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടല്‍. ഇതോടെ കാനന്‍ ഗ്രാനൈറ്റ് ഡയറക്ടര്‍ സൈമണ്‍ കെ.ഫ്രാന്‍സിസ് നടത്തിയ നിയമപ്പോരാട്ടത്തിനുള്ള നീതി ലഭിക്കല്‍ കൂടിയായി അത്. കഴിഞ്ഞ ജൂണില്‍ ഇത്തരത്തിലുള്ള 12 ഉന്നത ഉദ്യോഗസ്ഥരെ ആദായ നികുതി വകുപ്പില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കോഴ വാങ്ങിയെന്ന് തെളിഞ്ഞതോടെയാണു കഴിഞ്ഞ ദിവസം മൂന്ന് ഉദ്യോഗസ്ഥരെ കൂടി പിരിച്ചു വിട്ടത്. ഇതോടെ അഴിമതി കാട്ടിയ 15 ഉന്നത ഉദ്യോഗസ്ഥരെ ആണ് കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടത്.
2014ല്‍ ഒരു കോടി രൂപ ആദായ നികുതി അടച്ച സൈമണ്‍ നല്‍കിയ രേഖകളില്‍ കുഴപ്പമുണ്ടെന്നു പറഞ്ഞ് അസിസ്റ്റന്റ് കമ്മിഷണര്‍മാരായ പി.ജോസ് കുഞ്ഞിപ്പാലു, വിന്‍സെന്റ് എന്നിവര്‍ ഭീഷണിപ്പെടുത്തിയതോടെയാണു സംഭവങ്ങളുടെ തുടക്കം. രേഖകള്‍ നല്‍കിയില്ലെങ്കില്‍ 50 ലക്ഷം പിഴ ചുമത്തുമെന്നായിരുന്നു ഭീഷണി. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കെ.ജെ.ടോമിയായിരുന്നു ഇടനിലക്കാരന്‍. സൈമണ്‍ ഇക്കാര്യം സിബിഐയെ അറിയിച്ചു. അവരുടെ നിര്‍ദേശപ്രകാരം ഇരുവരുടെയും ഫ്‌ളാറ്റിലെത്തി പണം കൈമാറി. തുക എണ്ണി ബാഗിലാക്കുന്നതിനിടെ സിബിഐ എത്തിയ വിവരം ഇവര്‍ക്കു ചോര്‍ന്നുകിട്ടി. ബാഗ് പുറത്തേക്ക് എറിഞ്ഞെങ്കിലും സിബിഐ അതു കണ്ടെടുക്കുകയും ഇവരെ പിടികൂടുകയും ചെയ്തു. മുംബൈയിലെ വീടുകളിലും സിബിഐ പരിശോധന നടത്തി. കേസില്‍ പ്രതിയായിരുന്ന ടോമി പിന്നീടു മാപ്പുസാക്ഷിയായി.
സസ്‌പെന്‍ഷനു ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ രണ്ടുപേരും സൈമണിന് എതിരെ നീക്കം ശക്തമാക്കുകയായിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനും സൈമണ്‍ പരാതി നല്‍കി. ശക്തമായ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നു വീണ്ടും അന്വേഷണം നടത്തിയാണ് ഇരുവരും പലയിടങ്ങളില്‍ നിന്നും കോഴ വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിരിച്ചുവിട്ടത്. കുഞ്ഞിപ്പാലുവിന് ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്തുള്ളതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ നിന്നു സ്വര്‍ണ നാണയങ്ങളും കണ്ടെടുത്തു. ഈ കേസ് ഇപ്പോഴും തുടരുന്നതിനിടെയാണു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) ഇടപെട്ട് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.
















