മഞ്ചേശ്വരം: ശബരിമല വിഷയത്തില്‍ വന്‍തിരിച്ചടി നേരിട്ടതോടെ വിശ്വാസ വിഷയത്തില്‍ ഇരട്ടത്താപ്പിലാണ് സിപിഎം ഇപ്പോള്‍. തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാന്‍ പരസ്യമായി താന്‍ വിശ്വാസി ആണെന്ന് തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് സിപിഎം സ്ഥാനാര്‍ഥികള്‍. ഏറ്റവുമൊടുവില്‍ മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി ശങ്കര്‍ റേ ആണ് നിരീശ്വരവാദവും വൈരുദ്ധ്യാത്മക ഭൗതിക വാദവുമൊക്കെ വെടിഞ്ഞ് തനി അമ്പല വിശ്വാസി ആയത്. ബിജെപി സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിന്റെ മാതൃക പിന്തുടര്‍ന്നായിരുന്നു ശങ്കര്‍ റേയുടെ പത്രിക സമര്‍പ്പണവും. പത്രിക നല്‍കാനുള്ള അവസാനദിവസമായ തിങ്കളാഴ്ച രാവിലെ ബാഡൂരിലെ വീട്ടില്‍നിന്നുമിറങ്ങിയ ശങ്കര്‍ റൈ മാസ്റ്റര്‍ ധര്‍മത്തടുക്ക തലമുഗറിലെ ദര്‍ഗയില്‍ എത്തി അവിടെയുള്ളവരോട് പിന്തുണ ആവശ്യപ്പെട്ടശേഷമായിരുന്നു മധൂര്‍ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. അവിടെ പൂജ നടത്തിയ പ്രസാദവും വാങ്ങിയായിരുന്നു പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്. പരസ്യമായി അമ്പലത്തില്‍ പൂജ നടത്തി പത്രിക സമര്‍പ്പിക്കുന്ന ആദ്യ സിപിഎം സ്ഥാനാര്‍ഥിയും ശങ്കര്‍ റേ ആയിരിക്കും.
സിപിഎമ്മിന്റെ അനുമതിയോടെയാണ് ക്ഷേത്രദര്‍ശനമെന്നാണ് ശങ്കര്‍ റേയുടെ വാദം. ”പൂജനടത്തി പ്രാര്‍ത്ഥിച്ച് പത്രിക നല്‍കുന്ന ആദ്യ സിപിഎം സ്ഥാനാര്‍ത്ഥി ഞാനായിരിക്കും. അതിന് പാര്‍ട്ടി വിലക്കില്ല”-സിപിഎം ജില്ല കമ്മിറ്റി അംഗവും കര്‍ഷകസംഘം കുമ്പള ഏരിയ പ്രസിഡന്റുമായ ശങ്കര്‍ റേ വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശികനേതാക്കളുമായ സതീഷ് റൈ, സീതാറാം ഷെട്ടി, അസ്‌കര്‍ അലി തുടങ്ങി പതിനഞ്ചോളം പേര്‍ ശങ്കര്‍ റൈക്ക് ഒപ്പമുണ്ടായിരുന്നു. മദനന്ദേശ്വര ക്ഷേത്രത്തില്‍ പൂജാരിയെ കണ്ടശേഷം ഉദയാസ്തമയ പൂജ നടത്തി. പൂജയുടെ പണം സഖാക്കള്‍ തന്നെയാണ് നല്‍കിയത്. പൂജയുടെ പ്രസാദം എല്ലാവരും പങ്കിട്ടെടുത്ത് പത്രികാസമര്‍പ്പണത്തിനുള്ള ഒരുക്കത്തിനായി വിദ്യാനഗറിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് പോയി. കന്നഡ ഭാഷാവിഭാഗങ്ങള്‍ നിര്‍ണായകമായ പ്രദേശത്ത് വോട്ടു ലഭിക്കാന്‍ വിശ്വാസം ആയുധമാക്കുകയാണ് സിപിഎം ഇപ്പോള്‍. കന്നഡ വിഭാഗക്കാര്‍ വിശ്വാസികളാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയും വിശ്വാസിയാണെന്ന് തെളിയിക്കാനുള്ള നാടകം. പത്രികാസമര്‍പ്പണത്തിന് മുമ്പ് ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ മധൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തുന്നത് പതിവാണെങ്കിലും ആദ്യമായാണ് കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കുംമുമ്പ് പൂജക്കെത്തിയത്.
















