പാലക്കാട്: പ്രളയം കവര്‍ന്നെടുത്ത ഏറ്റവും വലിയ സമ്പാദ്യം സേവാഭാരതിയിലൂടെ തിരികെ ലഭിച്ചപ്പോള്‍ അവര്‍ക്കൊന്നേ പറയാനുണ്ടായിരുന്നുള്ളൂ ”വലിയ സന്തോഷം, നന്ദി”. ആയുസ്സിലെ സമ്പാദ്യം മുഴുവനെടുത്ത് നിര്‍മിച്ച വീടുകള്‍ തകര്‍ന്നപ്പോള്‍ കൈത്താങ്ങായെത്തിയത് സേവാഭാരതിയായിരുന്നു.
സേവാഭാരതി തലചായ്‌ക്കാനൊരിടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട്ട് നിര്‍മിച്ച 22 വീടുകളുടെ താക്കോല്‍ദാനം നടന്നു. ജൈനിമേട് എന്‍എന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് ശബ്ദസന്ദേശത്തിലൂടെ സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ അധ്യക്ഷന്‍ റിട്ട. ജില്ലാ ജഡ്ജി എം.ആര്‍. ബാലചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഓലശ്ശേരി ദയാനന്ദാശ്രമം സ്വാമി കൃഷ്ണാത്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വ്യക്തികളെക്കാള്‍ ചെയ്യുന്ന പ്രവൃത്തികളാണ് ശ്രേഷ്ഠമെന്ന് അദ്ദേഹം പറഞ്ഞു.
പ്രപഞ്ചം മുഴുവന്‍ ഈശ്വരന്റെ ഭാവമാണെന്ന് മനസ്സിലാക്കി ത്യാഗബുദ്ധിയോടെ പ്രവര്‍ത്തിക്കണം. ധാര്‍മികമായ തലമുറയെ വാര്‍ത്തെടുക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതി നിര്‍മിച്ച വീടിന്റെ ആദ്യ താക്കോല്‍ പറളി സ്വദേശി ചന്ദ്രന്റെ കുടുംബത്തിന് സംസ്ഥാന അധ്യക്ഷന്‍ ഡോ.കെ. പ്രസന്നമൂര്‍ത്തി കൈമാറി. സമാജത്തോടുള്ള ധര്‍മം അനുഷ്ഠിക്കുകയാണ് സേവാഭാരതി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ് സേവാസന്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറി വിജയന്‍, തെലുങ്കാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, ഡോ. ശ്രീരാം ശങ്കര്‍, വിഭാഗ് സേവാപ്രമുഖ് കെ. സുധീര്‍, ജി. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. നാരായണന്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്‍, കൗണ്‍സിലര്‍ വി. നടേശന്‍, റെഡ്ക്രോസ് സംസ്ഥാന ചെയര്‍മാന്‍ വി.പി. മുരളീധരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
















