ന്യൂദല്‍ഹി: മാറാട് കൂട്ടക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപ്പീല്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. മുസ്ലിം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആവത്താന്‍പുരയില്‍ ദേവദാസന്റെ ഭാര്യ എ.പി. സൗമിനിയാണ് അപ്പീല്‍ നല്‍കിയത്.
ഹൈക്കോടതി വിധിയുണ്ടായി ഏഴ് വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്കാന് തയാറായില്ലെന്ന് ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. ഇരകള്‍ക്ക് ഇനിയും നീതി നിഷേധിക്കരുത്. എന്തുകൊണ്ടാണ് ഇത്രയേറെ ഗൗരവമുള്ള കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാതിരുന്നതെന്ന് അറിയേണ്ടതുണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹര്‍ജി സ്വീകരിച്ച് പ്രതികള്‍ക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസയയ്ക്കാന്‍ ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ആര്. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.
2003 മെയ് രണ്ടിന് വൈകിട്ട് ഏഴ് മണിയോടെയാണ് മാറാട് കടപ്പുറത്ത് എട്ട് മത്സ്യത്തൊഴിലാളികളെ ജിഹാദികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ചോയിച്ചന്റകത്ത് മാധവന്, ആവത്താന്‍പുരയില്‍ ദേവദാസന്, പാണിച്ചന്റകത്ത് ഗോപാലന്, അരയച്ചന്റകത്ത് കൃഷ്ണന്, ചന്ദ്രന്, തെക്കെത്തൊടി പുഷ്പന്, തെക്കെത്തൊടി സന്തോഷ്, തെക്കെത്തൊടി പ്രീജി എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ 62 പേരെ കോഴിക്കോട് മാറാട് പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവരെക്കൂടാതെ 2012 ആഗസ്തില്‍ 22 പേര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം വിധിച്ചു. വെറുതെവിട്ടവരെ ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് അപ്പീലില്‍ ആവശ്യപ്പെട്ടു.
പ്രതികള്‍ നല്കിയ അപ്പീല്‍ നേരത്തെ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഇടത്, വലത് സര്‍ക്കാരുകള്‍ അപ്പീല്‍ നല്‍കാനും തയാറായില്ല. തുടര്‍ന്നാണ് ഇരകള്‍ കോടതിയെ സമീപിച്ചത്. അന്തര്‍സംസ്ഥാന ബന്ധം, സാമ്പത്തിക സ്രോതസ്സ്, ഗൂഢാലോചന എന്നിവയെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മാറാട് ജുഡീഷ്യല്‍ കമ്മീഷന് നിര്‍ദേശിച്ചിരുന്നു. 2012ലെ ഹൈക്കോടതി വിധിയിലും ഗൂഢാലോചന അന്വേഷിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഗൂഢാലോചനക്കേസ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്നുണ്ട്.
















