കൊച്ചി: മഹാ നഗരത്തിന്റെ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യമായ ‘മുത്തു’ എന്നറിയപ്പെടുന്ന സി.ജി. രാജഗോപാല്‍ പുഞ്ചിരി തൂകിയ മുഖവുമായി വീണ്ടും ജനവിധി തേടുന്നു. പലരും ചോദിക്കുന്ന ചോദ്യമാണ് മുത്തു ഒരു സാമൂഹ്യ പ്രവര്‍ത്തകനോ, അതോ രാഷ്‌ട്രീയ നേതാവോ എന്നത്. നമ്മള്‍ നിസ്സഹായകരാവുന്ന ഏതു സന്ദര്‍ഭത്തിലും വിളിക്കാന്‍ പറ്റുന്ന സുഹൃത്ത് എന്നാവും ഉത്തരം. ഏതു അര്‍ദ്ധരാത്രിക്കും ഫോണിന്റെ മറ്റേതലക്കല്‍ തന്റെ സ്വതസിദ്ധമായ സൗമനസ്യത്തോടെ മുത്തുവുണ്ടാവും. നേരിട്ട് വരേണ്ട ആവശ്യമാണെങ്കില്‍ ഉറപ്പിക്കാം, അരമണിക്കൂറിനുള്ളില്‍ സ്വന്തം ബൈക്കില്‍ എത്തുമെന്ന്, ശുഭ്രവസ്ത്രധാരിയായി, അപ്പോഴും മറ്റാരുടെയെങ്കിലും പ്രശ്‌നങ്ങള്‍ ഫോണില്‍ കേട്ടുകൊണ്ട്.
എറണാകുളത്തെ ഒട്ടു മിക്ക മാധ്യമ പ്രവര്‍ത്തകരുമായും അടുത്ത ബന്ധം, രാഷ്‌ട്രീയ വ്യതാസമില്ലാത്ത സൗഹൃദങ്ങള്‍, പാവപ്പെട്ടവര്‍ക്കും പ്രമുഖര്‍ക്കും ഒരു പോലെ സുഹൃത്ത് മുത്തു എല്ലാവര്‍ക്കും പ്രിയപ്പെട്ട, എറണാകുളത്തെ ഏറ്റവും സൗമ്യനായ രാഷ്‌ട്രീയ പ്രവര്‍ത്തകനാണ്. എറണാകുളത്തെ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ ബിജെപിയുടെ ജനപ്രിയമുഖവും ജന പിന്തുണയുള്ള നേതാവും കൂടിയാണ്. നഗരത്തിന്റെ ചെറുതും വലുതുമായ പൊതുപ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് എന്നും ജനങ്ങള്‍ക്കൊപ്പം മുന്‍ നിര സാന്നിധ്യമാണ് മുത്തു. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലാന്‍ സ്ഥാനാര്‍ഥിത്വം ഉപകരിക്കുമെന്ന് രാജഗോപാല്‍ പറയുന്നു.
2016 മുതല്‍ ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റാണ്. ബിജെപി ജില്ലാ കമ്മിറ്റിയംഗം, യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മൂവ്‌മെന്റ് സെക്രട്ടറി, യൂത്ത് ഫോര്‍ നേഷന്‍സ് സോണല്‍ കണ്‍വീനര്‍, മഹാകവി കാളിദാസ സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി, ശ്രീരാമകൃഷ്ണ സേവാശ്രമം മാനേജിങ് കമ്മിറ്റിയംഗം, വിവേകാനന്ദ യോഗാസന കേന്ദ്രം നിര്‍വ്വാഹകസമിതിയംഗം, ഗൗഡ സാരസ്വത ബ്രാഹ്മണ വികാസ് പരിഷത് കമ്മിറ്റിയംഗം എന്നീ നിലകളില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമാണ് രാജഗോപാല്‍. 2005 മുതല്‍ വിവിധ തലങ്ങളിലേക്ക് മത്സര രംഗത്തുള്ള രാജഗോപാല്‍ 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും എക്‌സ്‌പോര്‍ട്ട് മാനേജ്‌മെന്റില്‍ ഡിപ്ലോമയുമാണ് വിദ്യാഭ്യാസ യോഗ്യത. കലൂര്‍ ചേര്‍ത്തേടത്ത് വീട്ടില്‍ സി.എസ്. ഗോപിനാഥിന്റെയും ഡി.വി രാജാമണിയുടെയും മകനാണ്. ഭാര്യ: സവിതആര്‍.ഷേണായ്. മക്കള്‍: സിദ്ധാര്‍ഥ്, കൃഷ്ണകാന്ത്.
















