വ്യാപ്ത്യധികരണം
ഇതില്‍ ഒരു സൂത്രം മാത്രമാണുള്ളത്.
സൂത്രം- വ്യാപ്തേശ്ച സമഞ്ജസം
എല്ലാ വേദങ്ങളിലും വ്യാപ്തിയുള്ളതിനാലും ഓങ്കാരത്തിന് ഉദ്ഗീഥം എന്നത് വിശേഷണമായി സ്വീകരിക്കുന്നത് ഉചിതമാണ്.
ബ്രഹ്മം എങ്ങും നിറഞ്ഞതായതിനാല്‍ ബ്രഹ്മവിദ്യകള്ക്ക് സമാനത അനുവദിച്ചിട്ടുണ്ട്.
ഛാന്ദോഗ്യത്തില്‍ ‘ഓമിത്യേത ദക്ഷരമുദ്ഗീഥമുപാസീത ‘ ഓം എന്ന അക്ഷരത്തെ ഉദ്ഗീഥമായി ഉപാസിക്കണമെന്ന് പറയുമ്പോള്‍ അത് ഏത് നിലയില്‍ സ്വീകരിക്കണമെന്നാണ് ഇവിടെ വിചാരം ചെയ്യുന്നത്. അദ്ധ്യാസം, അപവാദം ഏകത്വം, വിശേഷണം എന്നിങ്ങനെ നാലു നിലയില്‍ സ്വീകരിക്കാന്‍ കഴിയും.ഇതില്‍ ഏത് വേണം എന്നതാണ് ചോദ്യം. ഒന്നില്‍ മറ്റൊന്നിനെ ആരോപിക്കുന്നതാണ് അദ്ധ്യാസം.അത് ഇവിടെ യോജിക്കില്ല.
തീര്‍ച്ചപ്പെടുത്തിയ ഒരു വിഷയത്തെ അതല്ല എന്ന് പറയുന്നതാണ്. അതും ഇവിടെ ചേരില്ല. ഏകത്വമെന്നാല്‍ ഒന്നു തന്നെയെന്നാണ്. ഇവിടെ രണ്ട് കാര്യങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ വിശേഷണം എന്നതാകും തികച്ചും യുക്തമായത്. ഓങ്കാരത്തിന് സര്‍വ്വ വേദവ്യാപ്തിയുള്ളതിനാല് ഉദ്ഗീഥ പദവാച്യമായ ഓകാരത്തെ ഉപാസിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. നീലോല്‍പ്പലം (നീലത്താമര ) എന്ന് പറയുമ്പോള്‍ ഉല്പ്പലത്തിന് നീല നിറം എന്ന വിശേഷം തോന്നും. അതുപോലെ ഉദ്ഗീഥമായ ഓങ്കാരം എന്ന് പറഞ്ഞാല്‍ ഉദ്ഗീഥരൂപത്തില് വേദങളില്‍ വിവരിച്ച ഓങ്കാരം എന്ന അര്‍ത്ഥമാണ്. അതിനാല്‍ വിശേഷണ വിശേഷ്യ സംബന്ധമാണ് ഇവിടെ സ്വീകരിക്കേണ്ടത്.
ബ്രഹ്മവിദ്യകളുടെ പേരിലോ പ്രകരണത്തിലാ വ്യത്യാസം ഉണ്ടായാലും അവയുടെ ലക്ഷ്യം ഒന്നായതിനാല്‍ അവ തമ്മില്‍ ഭേദമില്ല എന്ന് ഈ സൂത്രത്തെ അധികരിച്ച് വ്യാഖ്യാനിക്കാറുണ്ട്. ബ്രഹ്മവിദ്യകള്‍ തമ്മില്‍ ഇത്തരത്തില്‍ സാമ്യതയുള്ളതിനാല്‍ അവ ഒന്നാണ്.
സര്വ്വഭേദാധികരണം
ഇതിലും ഒരു സൂത്രമേയുള്ളൂ.
സൂത്രം- സര്വ്വഭേദാന്യത്രേമേ
എല്ലായിടത്തും ഭേദമില്ലാത്തതുകൊണ്ട് മറ്റ് സ്ഥലങ്ങളിലുള്ള ഈ ഗുണങ്ങളും ചേര്‍ത്ത് ഉപാസിക്കണം.
ഛാന്ദോഗ്യത്തിലും ബൃഹദാരണ്യകത്തിലും ഇന്ദ്രിയ പ്രാണ തര്‍ക്കത്തില്‍ പ്രാണന്റെ ശ്രേഷ്ഠതയെ ഇന്ദ്രിയങ്ങള്‍ സ്വീകരിച്ചതായി പറയുന്നു.
വസിഷ്ഠത്വം മുതലായ ഗുണങ്ങളെ കണക്കിലെടുത്താണിത്.
എന്നാല്‍ കൗഷീതകി ഉപനിഷത്തിലും മറ്റും അവസാനം പ്രാണന് ശ്രേഷ്ഠനാണെന്ന് പറയുന്നുവെങ്കിലും വസിഷ്ഠത്വം തുടങ്ങിയ ഗുണങ്ങളെ എടുത്ത് പറയുന്നില്ല.എന്നാല്‍ ഇത് ചേര്‍ക്കണമോ എന്ന് സംശയമുണ്ടായേക്കാം.
ചേര്‍ക്കേണ്ടതില്ല എന്നാണ് പൂര്‍വ്വ പക്ഷത്തിന്റെ വാദം.
എന്നാല്‍ ഇതിനെ സൂത്രത്തില്‍ നിഷേധിക്കുന്നു. എല്ലാ ഉപനിഷത്തുക്കളിലും പ്രാണ വിജ്ഞാനം വേര്‍തിരിവില്ലാതെ പറയുന്നുണ്ട്. അതിനാല്‍ ഗുണങ്ങളും മറ്റും പറയാത്ത ഉപനിഷത്തിലും മറ്റു ഉപനിഷത്തുക്കളില്‍ പറഞ്ഞ ഗുണങ്ങളെ ചേര്‍ത്ത് പ്രാണനെ ഉപാസിക്കണം.
പ്രാണന്റെ ഗുണങ്ങള്‍ ഒരു ഉപനിഷത്തില്‍ കാണാത്തത് മറ്റൊന്നില്‍ കാണുണ്ടെങ്കില്‍ അത് സ്വീകരിക്കണം. ഗുണങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ ഉള്ളവനായി പലതരത്തില്‍ പറയുന്നത് ശരിയല്ല. ഉപനിഷത്തുക്കളില്‍ പറയുന്ന എല്ലാ ഗുണങ്ങളേയും ചേര്‍ത്ത് ഉപാസിക്കേണ്ടതായ വസ്തുവില്‍ ഏകത്വ ബുദ്ധി ഉറപ്പിക്കണം. എല്ലാ ഗുണങ്ങളും ചേരുമ്പോഴാണ് പ്രാണന് പൂര്‍ണ്ണമാകുക. എല്ലാ ഗുണങ്ങളും എല്ലായിടത്തും പറയണമെന്നുമില്ല. അത് കാര്യമായി എടുക്കേണ്ടതില്ല.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: