തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്ന് കുമ്മനം രാജശേഖരന്‍. ബി.ജെ.പിയുടെ വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. അഡ്വ. എസ് സുരേഷിന്റെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപെട്ട വ്യാജ മാധ്യമ സൃഷ്ടികള്‍ക്ക് വിരാമം കുറിച്ചുകൊണ്ടാണ് അദേഹത്തിന്റെ ഈ പ്രസതാവന. കിങ് ആകാനല്ല കിങ് മേക്കറാകാനാണ് താല്‍പര്യം. ഇലക്ഷനില്‍ മത്സരിച്ച രാജാവാകാനല്ല, മറിച്ച് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതാണ് തനിക്കിഷ്ടമെന്നും കുമ്മനം വിശദീകരിച്ചു. ബി.ജെ.പി ജില്ല അധ്യക്ഷനും വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ഥിയുമായ അഡ്വ. എസ്. സുരേഷിനെ ഒറ്റെകെട്ടായി വിജയിപ്പിക്കുമെന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും അദേഹം പറഞ്ഞു.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുരോഗതിയിലേക്കു കുതിക്കുമ്പോള്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തെ കടക്കെണിയില്‍ മുക്കിക്കൊല്ലുകയാണെന്ന് കുമ്മനം പറഞ്ഞു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കേന്ദ്രബിന്ദുവാണ് വട്ടിയൂര്‍ക്കാവ് ജംഗ്ഷനും അനുബന്ധ പ്രദേശങ്ങളും. മാറിമാറി ഭരിച്ച മുന്നണികള്‍ കേരളത്തിന് വികസന മുരടിപ്പ് മാത്രമാണ് സമ്മാനിച്ചത്. കഴിഞ്ഞ നാലുവര്‍ഷമായി സംസ്ഥാനത്തിന് യാതൊരുതരത്തിലുള്ള പുരോഗതിയും കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ഭരിക്കുന്ന ഇടതുപക്ഷസര്‍ക്കാരും തിരുവനന്തപുരം നഗരസഭയുമാണ് ഇതിന് ഉത്തരവാദികള്‍. ജനപ്രിയനും ജനഹൃദയങ്ങളില്‍ സ്ഥാനം നേടാന്‍ സാധിച്ചയാളുമാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായ സുരേഷെന്നും അദ്ദേഹം പറഞ്ഞു.
വികസനം എന്ന മുദ്രാവാക്യമാണ് തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷ് പറഞ്ഞു. തിരുവനന്തപുരത്തെ നാലു വര്‍ഷംകൊണ്ട് മാലിന്യക്കൂമ്പാരമാക്കിയ തിരുവനന്തപുരം നഗരസഭയുടെ തലപ്പത്തിരിക്കുന്ന മേയര്‍, ആ സ്ഥാനം രാജിവച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനങ്ങളുടെ മുന്നിലിറങ്ങണമെന്നും അതിനു തയാറുണ്ടോയെന്നും സുരേഷ് ചോദിച്ചു.
















