കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി കേസ് സിബിഐക്ക് കൈമാറി. സംസ്ഥാനത്തെ സിപിഎം നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ടതാണ് പോലീസിന്റെ ഭാഗത്തെ വീഴ്‌ച്ചയ്‌ക്ക് കാരണമെന്നും അന്വേഷണ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കുറ്റപത്രം റദ്ദാക്കിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിശ്വാസ്യതയിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.
പെരിയ കേസില്‍ അന്വേഷണ സംഘത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് അറിയിച്ച കോടതി ഒന്നാംപ്രതിയുടെ മൊഴി പോലീസ് വേദവാക്യമായി കണക്കാക്കിയെന്നും കുറ്റപ്പെടുത്തി. അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷമാക്കിയാണ് അന്വേഷണം നടന്നതെന്നും കോടതി കുറ്റപ്പെടുത്തി. സാക്ഷികളെക്കാള്‍ പ്രതികളെയാണ് പോലീസ് അന്വേഷണത്തില്‍ വിശ്വാസത്തിലെടുത്തതെന്നും കോടതി ആരോപിച്ചു.
രണ്ട് യുവാക്കള്‍ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓര്‍മ്മിപ്പിച്ച കോടതി കേസില്‍ ഗൗരവ പൂര്‍ണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതില്‍ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാല്‍ പോലും പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഇത്രയും പ്രധാനമായ കേസില്‍ ഫോറന്‍സിക് സര്‍ജന്റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ലെന്ന് കുറ്റപ്പെടുത്തി.
കൊലപാതകത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരും കൊല്ലപ്പെട്ടവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ്. രാഷ്‌ട്രീയ കൊലപാതകമാണെന്ന് എഫ്‌ഐആറില്‍ വ്യക്തമായുണ്ടെന്ന് കോടതി പറയുന്നു. സിപിഎം പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തിയിട്ടുള്ള കൊലപാതകമാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ കോടതി ശരിയായ അന്വേഷണം നടന്നാലേ ശരിയായ വിചാരണയും നടക്കൂ. കേസ് സിബിഐക്ക് കൈമാറുകയാണെന്നും അറിയിക്കുകയായിരുന്നു.
ഫെബ്രുവരി 17 നാണ് കാസര്‍ഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കൊലപാതകകേസില്‍ അറസ്റ്റിലായത് സിപിഎം പ്രവര്‍ത്തകരാണ്. പെരിയ ഇരട്ടക്കൊലപാതകത്തിനെതിരെ വ്യാപകമമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം െ്രെകംബ്രാഞ്ചിന് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ അന്വേഷണ സംഘത്തിലുള്ള പോലിസുകാര്‍ രാഷ്‌ട്രീയ സ്വാധീനത്തില്‍പ്പെട്ടേക്കാം എന്ന ആശങ്കയുള്ളതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു
















