മഹാരാഷ്ട്രയിലെ പ്രമുഖ സഹകരണബാങ്കില്‍ നടന്ന വലിയ അഴിമതിയുടെയും കെടുകാര്യസ്ഥതയുടേയും പേരില്‍ എന്‍സിപി നേതാവ് ശരദ്പവാര്‍, സഹോദരപുത്രന് അജിത്പവാര്‍ എന്നിവരടക്കം എഴുപതോളം പേര്‍ക്കെതിരെ കേസെടുക്കാനുള്ള തീരുമാനം വലിയ രാഷ്ട്രീയകോലാഹലമാക്കാന് ശ്രമം നടക്കുകയാണല്ലോ. മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ (എംഎസ്സി ബാങ്ക്) 2005 മുതല്‍ 2011 വരെ നടന്ന ക്രമക്കേടുകളാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ക്ക് ആധാരം. ആയിരക്കകണക്കിന് കോടി രൂപയുടെ ക്രമക്കേടുകളാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. 25,000 കോടിയോളംവരും അതെന്ന് ചില സൂചനകളില്‍ കാണുന്നു; വിശദമായ വിവരങ്ങള്‍ ഇനിയും അറിയേണ്ടതുണ്ട്. എന്നാല്‍ ഇത് രാഷ്ട്രീയ പ്രേരിതമാണ് എന്നതാണ് പവാര്‍ അടക്കമുള്ളവര്‍ ആക്ഷേപിക്കുന്നത്. യഥാര്‍ഥത്തില്‍ ഇക്കാര്യത്തില്‍ ഒരു സര്‍ക്കാരും ഒന്നും ചെയ്തിട്ടില്ല; അവര്‍ സ്വയം ഉണ്ടാക്കിവെച്ചതാണ് ഈ പ്രശ്നങ്ങളൊക്കെ. പിന്നെ മുംബൈ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വ്യക്തമായ ഉത്തരവുകളും.
മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ ഇത്തരമൊരു കേസ് ഉയര്‍ന്നുവരുന്നു എന്നതാണ് ആക്ഷേപം. അത് ഉയര്‍ന്നുവന്ന സമയം, സ്വാഭാവികമായും, എന്‍സിപി നേതാവിനെ വിഷമിപ്പിച്ചിട്ടുണ്ടാവാം. കേന്ദ്രസര്‍ക്കാരോ മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാരോ ചെയ്തുകൂട്ടുന്നതാണ് ഇതെല്ലാം എന്ന പരാതി ഉന്നയിക്കുന്നത് രാഷ്ട്രീയമായി ഗുണകരമാവും എന്ന് എന്‍സിപി കരുതുന്നുമുണ്ടാവണം. ആ ചിന്തയുടെ ഭാഗമാണ് തനിക്ക് നോട്ടീസ് ഒന്നും കിട്ടാത്ത സാഹചര്യത്തില്‍തന്നെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലേക്ക് ചെല്ലാനുള്ള പവാറിന്റെ നാടകം. പക്ഷെ, ഈ കേസില്‍ സര്‍ക്കാരായിട്ട് ഒന്നും ചെയ്തിട്ടില്ല; കോടതിവിധികള്‍ നടപ്പിലാക്കേണ്ട ചുമതലവഹിക്കുക മാത്രമാണ് അന്വേഷണ ഏജന്‍സികള്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിനെതിരെ അജിത്പവാര്‍ സുപ്രീം കോടതിയില്‍ പോയല്ലോ; അന്വേഷണം ഹൈക്കോടതി നിശ്ചയിച്ചതുപോലെ നടക്കട്ടെ എന്നാണ് അത്യുന്നത നീതിപീഠം പറഞ്ഞത്. മാത്രമല്ല, ഇത് ഗുരുതരമായ അഴിമതിക്കേസാണ് എന്ന് ഉത്തരവില്‍ വിശദമാക്കിയത് മുംബൈ ഹൈക്കോടതിയാണ് താനും. അപ്പോള്‍ അന്വേഷണവുമായി സഹകരിക്കുകയല്ലേ പ്രതിചേര്‍ക്കപ്പെട്ടവര്‍ ചെയ്യേണ്ടത്?.
എന്താണ് കേസിന് ആസ്പദമായ പ്രശ്നങ്ങള്‍ എന്ന് ആദ്യം പരിശോധിക്കാം. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ സഹകരണബാങ്കാണ് എംഎസ്സി. അതിന്റെ ഭരണം കുറെ വര്‍ഷങ്ങളായി ശരദ് പവാറിന്റെ കയ്യിലാണ്; നേരിട്ട് അദ്ദേഹം ഇപ്പോഴില്ലെങ്കിലും ഭരണരംഗത്തുള്ളവര്‍ എല്ലാവരും സ്വന്തക്കാര്, വിശ്വസ്തര്‍. ആയിരക്കണക്കിന് കോടിയുടെ ആസ്തി, നിക്ഷേപം ഒക്കെ അതിനുണ്ട്; അതിനനുസൃതമായി വായ്പയും. ശരദ്പവാര്‍ അറിയാതെ ഒരു മൊട്ടുസൂചിപോലും അവിടെ വാങ്ങാറില്ല എന്നതാണ് സാധാരണ പറയാറുള്ളത്. സാങ്കേതികമായി റോളൊന്നുമില്ലെങ്കിലും എല്ലാം അദ്ദേഹം തന്നെ. ഇവിടെ ക്രമക്കേട് കണ്ടെത്തിയത് ‘നബാര്‍ഡ്’ ആണ്. രാജ്യത്തെ സഹകരണ ബാങ്കുകള്‍ക്കുമേല്‍ നബാര്‍ഡിനുള്ള നിയന്ത്രണവും അധികാരവുമൊക്കെ വിശദീകരിക്കേണ്ടതില്ലല്ലോ. ഇനി വേറൊന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്; ശരദ്പവാര്‍ കേന്ദ്രമന്ത്രിയായിരിക്കെ, 2011ല്‍ ആണ് ഈ അന്വേഷണ റിപ്പോര്‍ട്ട് നബാര്‍ഡ് സമര്‍പ്പിക്കുന്നത്. അക്കാലത്ത് അദ്ദേഹം കേന്ദ്ര കൃഷിമന്ത്രിയായിരുന്നുവല്ലോ. കേന്ദ്രസര്‍ക്കാരിന് കീഴിലെ നബാര്‍ഡ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് അന്ന് സമര്‍പ്പിക്കണമെങ്കില്‍ എത്രത്തോളം ഗുരുതരമാവണം സ്ഥിതിഗതികള്‍ എന്നതൊന്ന് ആലോചിച്ചുനോക്കൂ. ആ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പിന്നീടുള്ള കഥകളെല്ലാം.
ഇനി ഇതെങ്ങനെ കേസായി എന്നതുകൂടി മനസിലാക്കണം. എന്‍സിപിക്കാര്‍ മാത്രമല്ല, രാഹുല്‍ ഗാന്ധിയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളും അവരുടെ പിന്നാലെ നടക്കുന്ന രാജ്ദീപ് സര്‍ദേശായിയെയും പ്രശാന്ത്ഭൂഷണെയും പോലുള്ളവരും ഇതില്‍ രാഷ്ട്രീയം കാണുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ അവിടുത്തെ പ്രമുഖ പ്രതിപക്ഷനേതാക്കളെ കേസുകളില്‍ കുടുക്കുന്നു എന്നുള്ള പതിവ് ആക്ഷേപമാണ് ഉയരുന്നത്. ശരിയാണ്, ഈ കേസൊക്കെ ഈ വിധത്തിലായത് അടുത്ത ദിവസങ്ങളിലാണ്; തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതും ഈ ദിവസങ്ങളില്‍തന്നെ. എന്നാല്‍ അതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു പങ്കുമില്ല എന്നതാണ് പരമാര്‍ത്ഥം. വേറൊരര്‍ഥത്തില്‍ പറഞ്ഞാല്‍, മഹാരാഷ്ട്രയിലെ സംസ്ഥാന സര്‍ക്കാരുകള്‍, ഇപ്പോഴത്തേത് ഉള്‍പ്പടെ, ഇക്കാര്യത്തില്‍ വലിയ അലംഭാവമാണ് കാണിച്ചതെന്ന് കോടതിക്ക് പറയേണ്ടിവന്നു എന്നത് മറക്കാനാവില്ല. മനഃപൂര്‍വ്വമായ അലംഭാവമുണ്ടായിട്ടുണ്ട് എന്നത് പറയാതെവയ്യ. പക്ഷെ, അന്വേഷണത്തില്‍ വേഗത പോരാതെവന്നതിന്റെ പേരില്‍ ഹൈക്കോടതി ഫഡ്നാവിസ് സര്‍ക്കാരിനെ കുടയുകപോലും ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന വീഴ്ചകള്‍ക്ക് സര്‍ക്കാര്‍ പലപ്പോഴും ഉത്തരം പറയേണ്ടിവരാറുണ്ടല്ലോ; അങ്ങനെ കരുതിയാല്‍മതി. പക്ഷെ, അപ്പോഴും രാഷ്ട്രീയപ്രേരിതമായ നടപടിയാണ് അഴിമതി അന്വേഷണം എന്ന് ആരോപിക്കാനാവില്ല.
യഥാര്‍ത്ഥത്തില്‍ നബാര്‍ഡ് റിപ്പോര്ട്ടിന്മേല് ആരും ഒരു നടപടിയും വേണ്ടവിധം കൈക്കൊണ്ടിരുന്നില്ല. 2011 മുതല്‍ 2019 വരെ. വേണമെങ്കില്‍ സംസ്ഥാനസര്‍ക്കാരിന് കേസെടുക്കാമായിരുന്നു; കേന്ദ്രത്തിന് പ്രായോഗികമായി ഇടപെടാമായിരുന്നു. പക്ഷെ അതിനൊന്നും രണ്ടുകൂട്ടരും തയ്യാറായില്ല. എന്തുകൊണ്ടാണ് അതെന്നത് വേറെകാര്യം. ഒരുപക്ഷെ, സ്വാഭാവികമായ കാലതാമസമോ മറ്റോ ആവാം; അല്ലെങ്കില്‍ ശ്രദ്ധയില്‍ വരാതിരുന്നതാവണം. ഇതിനിടയില്‍ സുരീന്ദര്‍ അറോറ എന്ന ആക്ടിവിസ്റ്റ് പരാതിയുമായി മുംബൈ പോലീസിനെ സമീപിച്ചിരുന്നു. 2007-11 കാലത്ത് 297 കോടിയുടെ തട്ടിപ്പ് നടന്നു എന്നതായിരുന്നു പരാതി. ശരദ്പവാറിന് തട്ടിപ്പിലുള്ള പങ്ക് വിശദമാക്കുന്നതും ഈ പരാതിക്കാരനാണ്. അവിടെയും നടപടി വേണ്ടവിധമുണ്ടായില്ല എന്നതാണ് സുരീന്ദര്‍ അറോറയുടെ ആക്ഷേപം. നബാര്‍ഡിന്റെ അന്വേഷണറിപ്പോര്‍ട്ട് സഹിതമാണ് അദ്ദേഹത്തിന്റെ പരാതി എന്നതും ഓര്‍ക്കുക. അറോറയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി, മഹാരാഷ്ട്രയിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഒക്കെയായ ശരദ്പവാര്‍ ഉള്‍പ്പെട്ടത് കണക്കിലെടുത്താവണം, മുംബൈ പോലീസ് ഈ പരാതിയില്‍ അമിതവേഗത കാണിച്ചില്ല. നിയമത്തിന്റെ ദൃഷ്ടിയില് അത് മുംബൈ പോലീസിന്റെ വീഴ്ചതന്നെയാണ്. അവസാനം സുരീന്ദര്‍ അറോറ മുംബൈ ഹൈക്കോടതിയിലെത്തി. അതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ്, പത്രക്കാരുടെ ഭാഷയില്‍, ‘സംസ്ഥാന സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ചത്.’ അഞ്ചുദിവസത്തിനകം എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഒരു ബാങ്കുമായി ബന്ധപ്പെട്ട പണം തിരിമറിനടത്തിയ കേസാണിത്, എന്നതുകൊണ്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇടപെടേണ്ടിവന്നത്. മുംബൈ ഹൈക്കോടതി ഈ പ്രശ്നത്തെ ഗൗരവത്തിലെടുത്തതിന് ശേഷമാണ് ഇ.ഡി. ഇടപെടുന്നത്; അവരുടെ കേസ് ആവട്ടെ, മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം തയ്യാറാക്കിയ എഫ്ഐആറിന്റെ വെളിച്ചത്തിലും.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കുറെ ഏറെ അഴിമതികേസുകളില്‍ നടപടിയുണ്ടായിട്ടുണ്ട്. പി. ചിദംബരം, ഡി.കെ. ശിവകുമാര്‍ അടക്കം ചിലരെല്ലാം ഇന്നിപ്പോള്‍ ജയിലിലുമുണ്ട്. ചിദംബരത്തിന്റെ മകന് മുമ്പ് കുറേനാള്‍ ജയിലില്‍ കിടന്നതും അഴിമതിക്കേസിലാണ്. ഇത് ഐഎന്‍എക്സ് മീഡിയ കേസിലാണ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഹൈക്കോടതി വിധിവന്നു; അതിലുള്‍പ്പെട്ടത് രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി എന്നിവരൊക്കെയാണ്. എന്‍ഡിടിവി മേധാവികള്‍ക്ക് ഇന്ത്യ വിട്ടുപോകാനാവാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. 2ജി കേസില്‍ അപ്പീലില്വാദം നടക്കാന്‍പോകുന്നു. കല്ക്കരികേസുകള് നടക്കുന്നുണ്ട്; സുനന്ദപുഷ്കറിന്റെ ദാരുണമരണം സംബന്ധിച്ച കേസ് കോടതിയിലാണ്; ശശി തരൂര്‍ അതില്‍ പ്രതിക്കൂട്ടിലുണ്ട്. റോബര്‍ട്ട് വാദ്രയുടെ ഭൂമി തട്ടിപ്പ്-അഴിമതികേസുകളും ഇതിനൊപ്പം കാണണം; വാദ്രക്കെതിരെ വേറെയും കുറെ തട്ടിപ്പ് കേസുകളുണ്ട്. എയര്‍ ഇന്ത്യ റൂട്ടുകള്‍ വിറ്റഴിച്ചത്, എയര്‍ബസ് വാങ്ങിയതിലെ തട്ടിപ്പ്, ആഗസ്റ്റ വെസ്റ്റ്ലാന്‍ഡ്…. ആ പട്ടിക വളരെനീണ്ടതാണ്; പെട്ടെന്ന് ഓര്‍മയില്‍ വന്നത് സൂചിപ്പിച്ചുവെന്നു മാത്രം. ഈ കേസുകളുടെയൊക്കെ ഉദയം എവിടെയാണെന്ന് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ?. എന്നാല്‍ ഒന്നോര്‍ക്കുക; ഇതില്‍ ഒരുകേസിലും നരേന്ദ്രമോദിസര്‍ക്കാര്‍ സ്വയമേവ നടപടി തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നില്ല. അതായത് സര്‍ക്കാര്‍ ആരെയെങ്കിലും ഏതെങ്കിലും കേസില്‍ കുടുക്കാനായി നേരിട്ട് മുന്നിട്ടിറങ്ങുന്ന പ്രശ്നമേ ഉണ്ടായിട്ടില്ല.
ഇനി പ്രധാനപ്പെട്ട കേസുകള്‍ ഓരോന്നായി പരിശോധിക്കാം; നാഷണല്‍ ഹെറാള്‍ഡ്, ഐഎന്‍എക്സ് മീഡിയ, എന്‍ഡിടിവി, സുനന്ദപുഷ്കര്‍, രാഹുല്‍ ഗാന്ധിയുടെ ഇരട്ടപൗരത്വം… ഇതിനൊക്കെപിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ചത് ഡോ. സുബ്രമണ്യസ്വാമിയല്ലേ. അദ്ദേഹം ഹര്‍ജികള്‍ നല്‍കിയതാണ്; കോടതിയില്‍ പോയി അദ്ദേഹം ഉത്തരവ് വാങ്ങിയതനുസരിച്ചാണ് ആ കേസുകള്‍ മുന്നോട്ട് പോയത്. 2ജി, കല്‍ക്കരി കേസുകള്‍ ഉടലെടുത്തത് സിഎജി റിപ്പോര്‍ട്ടില്‍നിന്നാണ്. അവയിലൊക്കെ കുറെ മികച്ച മാധ്യമപ്രവര്‍ത്തകരും മറ്റും വഹിച്ച പങ്ക് വിസ്മരിക്കുകയല്ല. ആഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് കേസിന് പിന്നിലും ഡോ. സ്വാമിയുടെ പോരാട്ടമുണ്ടെങ്കിലും അത് ഏറെ വിവാദമായതും ഇന്ത്യന്‍ കോടതിയിലെത്തിയതും അതില്‍ അഴിമതി നടന്നുവെന്ന് ഇറ്റാലിയന്‍ കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ്. അതുപോലെ, എയര്‍ ബസ് തട്ടിപ്പ് പുറത്തുവന്നത് അമേരിക്കയിലാണ്; അതില്‍ അഴിമതി നടന്നുവെന്ന് അവിടെ നടന്ന അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നുവല്ലോ. റോബര്‍ട്ട് വാദ്രക്കെതിരെയുള്ള ഡിഎല്‍എഫ് അഴിമതിക്കേസില്‍ സത്യം കണ്ടെത്താന്‍ പിന്നാലെ നടന്നത് ഹരിയാനയിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ഖേംകയാണ്. വാദ്രയുടെ അടക്കമുള്ള തട്ടിപ്പുകള്‍ ഹരിയാനയിലെ ഒരു ജുഡീഷ്യല്‍ കമ്മീഷന് അന്വേഷിച്ചതാണല്ലോ. അതുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ ആര്‍ക്കെങ്കിലുമെതിരെ വ്യക്തിവിരോധത്തോടെ പെരുമാറുന്നു എന്ന് ആക്ഷേപിക്കണ്ട; അത് വിലപ്പോവാനിടയില്ല. ഒരുപക്ഷെ ആരെയെങ്കിലും താന്‍ വേട്ടയാടി എന്ന് തോന്നലുണ്ടാവരുത് എന്നതാവണം നരേന്ദ്രമോദിയുടെ പ്രഖ്യാപിത നിലപാട്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലുമാവാം ആ സമീപനം. എന്നാല്‍ അതോടൊപ്പം വേറൊന്നുണ്ട്; അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ അനാവശ്യ ഇടപെടലുണ്ടാവില്ല; നിയമം നിയമത്തിന്റെ വഴിക്ക് പോകണം എന്നത് ഈ കേന്ദ്ര സര്‍ക്കാരിന്റെ നയമാണ്; ഏതൊക്കെ നേതാക്കള്‍ ഉള്‍പ്പെട്ടാലും രക്ഷപ്പെടുത്തുകയുമില്ല. ഇനി ഒന്നുകൂടി, മറിച്ചാണ് സര്‍ക്കാര്‍ നീങ്ങിയിരുന്നതെങ്കില്‍ ഇന്ന് ഞെളിഞ്ഞുനടക്കുന്ന പലരും ഇരുമ്പഴികള്‍ക്കുള്ളില്‍ ആവുമായിരുന്നുതാനും. ഇപ്പോള്‍ ആരോപണം ഉയര്‍ത്തുന്ന ശരദ്പവാറും അതൊക്കെ ഓര്‍ക്കേണ്ടതുണ്ട്.
അജിത്പവാര്‍ എന്‍സിപിയുടെ നേതൃപദവിയും എംഎല്‍എ സ്ഥാനവുമൊക്കെ രാജിവെച്ചിട്ടുണ്ട്. കുറ്റബോധം കൊണ്ടാവണം. തന്നെ കേസിലേക്ക് വലിച്ചിഴച്ചതിലെ വേദനയാണ് കാരണമെന്ന് ശരദ്പവാര്‍ പറയുന്നു; എന്താണ് അതിനര്‍ത്ഥം?. എല്ലാം ആ രാജിയിലുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: