കല്‍പ്പറ്റ : ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴയിട്ട പോലീസിന്റെ കാല് തല്ലിയൊടിക്കുമെന്ന് ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി. വയനാട് കല്‍പ്പറ്റ ടൗണില്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചുവന്ന ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഷംസുദ്ദീനെ വാഹന പരിശോധനയ്‌ക്കിടെ പോലീസ് പിടികൂടിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പുതിയ നിയമ പ്രകാരം 1000 രൂപ പോലീസ് പിഴയിട്ടു. എന്നാല്‍ പിഴയടക്കാന്‍ ഷംസുദീന്‍ തയ്യാറാകാതെ വന്നതോടെ കോടതിയില്‍ പിഴ അടക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും അതിനും തയ്യാറായില്ല. ആയിരം രൂപ പിഴയടക്കാന്‍ നിയമമില്ലെന്നാണ് ഷംസുദ്ദീന്റെ വാദം.
ഇതോടെ പോലീസ് നല്‍കിയേ പറ്റൂ എന്ന് അറിയിച്ചതോടെ ഡിവൈഎഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. മാന്യമായി പെരുമാറണെമന്നും പോലീസ് തൊപ്പിയും യൂണിഫോം അഴിച്ചുവച്ചാല്‍ മുട്ടുകാല്‍ തല്ലി ഒടിക്കുമെന്നായിരുന്നു താക്കീത്. യൂണിഫോം അഴിച്ചുവച്ച് ടൗണിലേക്ക് ഇറങ്ങി വരാനും ഷംസുദീന്‍ പോലീസിനെ വെല്ലുവിളിച്ചു.
അതേസമയം ഡിെൈവഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ പുറത്തിവന്നതോടെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
സംഭവത്തില്‍ പോലീസുകാരന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് ഷംസുദീനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















