പന്തളം: ശബരിമല യുവതീപ്രവേശവിഷയത്തിലുണ്ടായ കോടതിവിധിക്കെതിരെ പന്തളത്താരംഭിച്ച നാമജപഘോഷയാത്രയുടെ വാര്‍ഷികം ഒക്ടോബര്‍ രണ്ടിന് പന്തളത്ത് നടക്കും. മൂന്നുമണിക്ക് പുത്തന്‍മേട മുറ്റത്ത് നടക്കുന്ന അയ്യപ്പധര്‍മ്മരക്ഷാസംഗമം ഋഷികേശ് ഗോതീര്‍ഥ കപിലാശ്രമത്തിലെ സ്വാമി ശങ്കരാചാര്യ രാമചന്ദ്രഭാരതി ഉദ്ഘാടനം ചെയ്യും. അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, സ്വാമി അയ്യപ്പദാസ്, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, സ്വാമിനി ജ്ഞാനാഭനിഷ്ഠ, പദ്മാ പിള്ള, അഡ്വ. ശങ്കു പി.ദാസ്, അഡ്വ. സായ് ദീപക് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് അയ്യപ്പധര്‍മ്മരക്ഷാപ്രതിജ്ഞയെടുക്കും.
വാര്‍ഷികത്തിന് മുന്നോടിയായി 30ന് മൂന്നിന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രാങ്കണത്തില്‍ ‘ശരണമന്ത്രത്തിന്റെ ശക്തിയും മഹത്ത്വവും’ എന്ന വിഷയത്തില്‍ സ്വാമി ഉദിത് ചൈതന്യ പ്രഭാഷണം നടത്തും. ഒക്ടോബര്‍ ഒന്നിന് ഗുരുസ്വാമിസംഗമം പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ ഉദ്ഘാടനം ചെയ്യും. സന്യാസി സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി ഭാസ്‌കരാനന്ദ പങ്കെടുക്കും.
















