തിരുവനന്തപുരം: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂര്‍ മണ്ഡലത്തില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു എന്‍ഡിഎ സ്ഥാനാര്‍ഥി.. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കൂടി ആയിരുന്നു പ്രകാശ് ബാബു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിശ്വാസി പ്രക്ഷോഭത്തിന് മുന്‍ നിരയില്‍ നിന്ന നേതാവാണ് പ്രകാശ് ബാബു. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ പ്രകാശ് ബാബുവിന്റെ പേരില്‍ കെട്ടച്ചമച്ചിരുന്നു. നിരവധി ദിവസം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു പ്രകാശ് ബാബു.
കോഴിക്കോട് നരിപ്പറ്റ സ്വദേശിയായ പ്രകാശ് ബാബു നരിപ്പറ്റ ആര്‍എന്‍എം ഹൈസ്‌കൂളില്‍ എബിവിപി പ്രവര്‍ത്തനത്തിലൂടെയാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. യുവമോര്‍ച്ച നാദാപുരം മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന വൈസ്പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാദാപുരം മണ്ഡലത്തില്‍ നിന്നും 2016ല്‍ ബേപ്പൂരില്‍ നിന്നും മത്സരിച്ചു. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് ബിഎസ് സി ഫസ്റ്റ് ക്ലാസായി പാസ്സായ ഇദ്ദേഹം കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് രണ്ടാം റാങ്കോടെ എല്‍എല്‍ബി ബിരുദം നേടി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഭരണഘടനാ നിയമത്തിലും ഭരണ നിര്‍വഹണ നിയമത്തിലും ബിരുദാനന്തര ബിരുദം, മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ എംഎല്‍ ബിരുദവും നേടി. യുജിസി നെറ്റ് യോഗ്യത നേടിയിട്ടുണ്ട്.
















