അമരാവതി: ആന്ധ്രപ്രദേശിലെ മദ്യവില്‍പന ശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഘട്ടംഘട്ടമായി പൂര്‍ണമായി മദ്യം നിരോധിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തെ എല്ലാ മദ്യവില്‍പ്പനശാലകളും ഒക്ടോബര്‍ ഒന്നിനു സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു ഉപമുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമായ നാരായണസ്വാമി വ്യക്തമാക്കി . ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനാണു ജഗന്‍ മോഹന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സംസ്ഥാനത്തെ 3500 മദ്യവില്‍പ്പനശാലകളാണു അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക. ഇതിനുശേഷം എല്ലാ മദ്യവില്‍പ്പനശാലകളും ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കീഴിലാകും പ്രവര്‍ത്തിക്കുക. മദ്യശാലകളുടെ എണ്ണം 4,380-ല്‍നിന്ന് 3,500 ആയി കുറയ്‌ക്കുമെന്ന് ഈ മാസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇതുവരെ 475 കടകള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തു. മുന്‍ സര്‍ക്കാര്‍ 43,000 അനധികൃത മദ്യശാലകള്‍ക്ക് അനുമതി നല്‍കിയിരുന്നെന്നും ജഗന്‍ മോഹന്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ അവ പൂട്ടിച്ചെന്നും നാരായണസ്വാമി അവകാശപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ പദയാത്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമായിരുന്നു ആന്ധ്രയിലെ സമ്പൂര്‍ണ മദ്യനിരോധനം. ഇതു നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം മദ്യവില്‍പന ശാലകള്‍ രാവിലെ 10 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും. ഇതിനായി 3,500 ഓളം സൂപ്പര്‍വൈസര്‍മാരെയും 8,033 സെയില്‍സ്‌പേഴ്സണുകളെയും ഷോപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇതിനകം നിയമിച്ചു. മദ്യത്തിന് അടിമകളായവര്‍ക്കായി എല്ലാ ആശുപത്രിയിലും ഡീ അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.മദ്യവില്‍പ്പനശാലകളെ ആശ്രയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഇതര തൊഴില്‍ നല്‍കും.
















