കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തി. സുപ്രീംകോടതി ഉത്തരവ് ഓര്‍ത്ത്‌ഡോക്‌സ് വിഭാഗത്തിന് അനുകൂലമായിരുന്നെങ്കിലും യാക്കോബായ സമൂഹം ശക്തമായി എതിര്‍ത്തതോടെ അതിന് സാധിച്ചിരുന്നില്ല. വിഷയത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ഉത്തരവ് കൂടി വന്നതോടെയാണ് ഓര്‍ത്ത്‌ഡോക്‌സ് വിഭാഗം ഇന്ന് പ്രവേശിച്ചത്.
ഓര്‍ത്തഡോക്‌സ് വൈദികന്റെ കാര്‍മികത്വത്തിലാണ് കുര്‍ബാന. പ്രതിഷേധങ്ങളൊന്നുമില്ലാതെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ കഴിഞ്ഞു. അതേസമയം യാക്കോബായ വിഭാഗം റോഡില്‍ പ്രാര്‍ത്ഥന നടത്തി. പള്ളി പരിസരത്ത് കര്‍ശന പൊലീസ് സുരക്ഷയാണുള്ളത്.
ഇടവകാംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തടസമില്ല. കൂടാതെ 1934ലെ ഭരണഘടന അംഗീകരിക്കുന്ന ആര്‍ക്കും കുര്‍ബാനയില്‍ പങ്കെടുക്കാം. എന്നാല്‍ പള്ളിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്‌ക്കാനും ഹൈക്കോടതി പോലീസിന് അനുമതി നല്‍കിയിട്ടുണ്ട്.
ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ജാമ്യം നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കളക്ടറുടെയും പോലീസിന്റെയും മുന്‍കൂര്‍ അനുമതിയോടെ സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകള്‍ നടത്താം. ഇനി ഒരു ഉത്തരവുണ്ടാകും വരെ കളക്ടര്‍ക്കായിരിക്കും പള്ളിയുടെ നിയന്ത്രണം. പള്ളി ഏറ്റെടുത്തു എന്ന് കാണിച്ച് കളക്ടര്‍ ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
യാക്കോബായ സഭാ വിശ്വാസികളെ പളളിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് നടപടിയിലൂടെ എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഓര്‍ത്ത്‌ഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ കയറാന്‍ യാക്കോബായ വിഭാഗം അനുവദിക്കാഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
















