തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ച പിണറായി സര്‍ക്കാരിന്റെ നിലപാട് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനം ഇടിയാന്‍ കാരണമായെന്ന് പ്രസിഡന്റ് എ. പത്മകുമാര്‍. കഴിഞ്ഞ തീര്‍ത്ഥാടന കാലയളവില്‍ നൂറ് കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് ബോര്‍ഡിന് ഇതിലൂടെ ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചു.
സ്വകാര്യ വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. കരുതല്‍ ധനഫണ്ടില്‍ നിന്നും 35 കോടി വായ്‌പ്പയെടുത്താണ് സാമ്പത്തിക പ്രതിസന്ധിയില്‍ ബോര്‍ഡ് താത്കാലികമായി പിടിച്ചു നിന്നത്. യുവതീ പ്രവേശന വിധിയെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായ് നടപ്പാക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഭക്തര്‍ തീര്‍ത്ഥാടനം നടത്തുന്നതില്‍ നിന്നും പിന്മാറി. കൂടാതെ ഭക്തരില്‍ ചില വിഭാഗം ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്ക സമര്‍പ്പിക്കില്ലെന്നും കൂടി തീരുമാനം എടുത്തതോടെ വരുമാനം ഇടിയുകയായിരുന്നു. ഇതോടെ മരാമത്ത് ജോലികള്‍ക്കുള്ള പണം കരുതല്‍ ഫണ്ടില്‍ നിന്നും എടുക്കുകയായിരുന്നു.
യുവതി പ്രവേശനത്തില്‍ സിപിഎമ്മും സര്‍ക്കാരും അയഞ്ഞതോടെ വീണ്ടും വരുമാനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസപൂജക്കാലത്ത് മുന്‍ വര്‍ഷത്തേക്കാള്‍ ഒരു കോടിയോളം വരുമാനം കൂടിയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നിട്ട് ഒരു വര്‍ഷം തികഞ്ഞു.
വിധിക്കെതിരെയുള്ള 56 പുനഃപരിശോധന ഹര്‍ജികളിലും നിരവധി കോടതി അലക്ഷ്യ ഹര്‍ജികളിലും അടുത്ത മാസം അന്തിമ തീരുമാനം ഉണ്ടായേക്കാം.
















