ന്യൂയോര്‍ക്ക്: രാജ്യങ്ങള്‍ക്കിടയിലെ സാഹോദര്യവും ലോകക്ഷേമവുമാണ് നമ്മുടെ പാരമ്പര്യം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ ഈ മഹത്തായ പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിനായി ഭാരതം പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ജിഎയുടെ 74-ാമത് സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് തത്ത്വചിന്തകനും സംഘകാല കവിയുമായ കനിയന്‍ പുങ്കുന്ദ്രനറുടെയും സ്വാമി വിവേകാനന്ദന്റെയും വാക്കുകള്‍ ഉദ്ധരിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്.
ഭാരതം ഇന്ന് ഇവിടെ നില്‍ക്കുന്നത് ആഗോള വെല്ലുവിളികളെ കൂട്ടായി നേരിടാനാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു മഹത്തായ സംസ്‌കാരമാണ് ഭാരതത്തിന്റെത്. സംസ്‌കാരത്തിനൊടു കിടപിടിക്കാന്‍ കഴിയുന്ന ശക്തമായ ഒരു പാരമ്പര്യവും നമുക്കുണ്ട്. എല്ലാ ജീവജാലങ്ങളിലും ദൈവികത്വം കാണുന്ന ഒരു സംസ്‌കാരമാണ് ഭാരതത്തിന്റെത്. അതിനാല്‍ നാം ലോക ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ പ്രവര്‍ത്തന രീതി പൊതുജന പങ്കാളിത്തത്തിലൂടെയുള്ള പൊതുക്ഷേമമാണ്. ഈ പൊതുക്ഷേമം രാജ്യത്തിന് മാത്രമല്ലെന്നും ലോകത്തിനുള്ളാതാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
യേദും ഊരെ യാവരും കെളിര്‍ ‘(നമുക്ക് എല്ലാ സ്ഥലങ്ങളും ഒന്നാണ്, എല്ലാം നമ്മുടെ സ്വന്തകാരാണ്). 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് കവി കനിയന്‍ പുങ്കുന്ദ്രനറുടെ പ്രസിദ്ധമായ ഈ വരികള്‍ ഉദ്ധരിച്ചുകൊണ്ട് മോദി പറഞ്ഞു അതിര്‍ത്തികള്‍ക്കപ്പുറമുള്ള ഈ ബോധമാണ് ഇന്ത്യയുടെ സവിശേഷത. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍, ഐക്യരാഷ്‌ട്രസഭയുടെ പ്രധാന ലക്ഷ്യങ്ങള്‍ക്കനുസൃതമായി, രാജ്യങ്ങള്‍ക്കിടയിലെ സാഹോദര്യത്തിന്റെയും ലോകക്ഷേമത്തിന്റെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹത്തായ പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിനായും ഇന്ത്യ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള കൂട്ടായ ആഗോള ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, വിഘടിച്ചു നില്‍ക്കുന്ന ഒരു ലോകത്തോട് ആര്‍ക്കും താത്പര്യമുണ്ടാകില്ല, എന്നുകരുതി രാജ്യങ്ങള്‍ക്കുളില്‍ ഒതുങ്ങികൂടാനും സാധ്യമല്ല. ലോകം ഈ പുതിയ യുഗത്തില്‍ ബഹുരാഷ്‌ട്രവാദത്തിനും ഐക്യരാഷ്‌ട്രസഭയ്‌ക്കും ഒരു പുതിയ ദിശ നല്‍കേണ്ടിവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ന് ലോകത്തിനു വേണ്ടത് ഐക്യവും സമാധാനവുമാണ്,അല്ലാതെ വിഘടന ചിന്താഗതിയല്ല. നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് മഹാനായ ആത്മീയഗുരു സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. ഇന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിനു അന്താരാഷ്‌ട്ര സമൂഹത്തിനോട് വ്യക്തമാക്കാനുളള സന്ദേശവും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
















