പത്തനംതിട്ട: ശബരിമല യുവതി പ്ലരവേശനവും മരട് ഫ്ളാറ്റ് വിഷയത്തിലും പിണറായി സര്‍ക്കാരിനെ പേരെടുക്കാതെ വിമര്‍ശിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ശബരിമല പോലെ മരടിലേതും സുപ്രീംകോടതി വിധിയാണ്.
യുവതി പ്രവേശനത്തിലൂടെ മാത്രം നവോത്ഥാനം പൂര്‍ത്തിയാകില്ല. ശബരിമല, മരട് വിധികളെ രണ്ട് തട്ടിലാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടത്. ശബരിമല വിധി നടപ്പാക്കാന്‍ കാണിച്ച തിടുക്കം മരട് ഫ്ളാറ്റ് വിഷയത്തില്‍ ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
മരടില്‍ പത്തോ അമ്പതോ ഉടമകളാണ് ഉള്ളത്. എന്നാല്‍ ശബരിമലയില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ട്. സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പിലാക്കണം എന്ന അടിസ്ഥാനത്തില്‍ തിടുക്കത്തില്‍ നടപ്പാക്കിയതാണ്. നവോത്ഥാനം എന്നത് പിന്നോക്ക വിഭാഗത്തിന്റെ ഉന്നതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരേണ്ട പ്രശ്നമാണ്. ശബരിമല യുവതി പ്രവേശനം കൊണ്ട് മാത്രം നവോത്ഥാനം പൂര്‍ണമാകും എന്ന അഭിപ്രായം തനിക്കില്ല.
ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ കയറിയതിലൂടെ വിധി നടപ്പിലായെന്നോ യുവതികള്‍ പ്രവേശിച്ചെന്നോ കാണേണ്ട. വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും തമ്മില്‍ വ്യത്യാസമുണ്ട്. തന്റെ വീട്ടില്‍ നിന്ന് ആരും ശബരിമലയില്‍ പോകില്ലെന്ന നിലപാട് പത്മകുമാര്‍ ആവര്‍ത്തിച്ചു. തന്നെ ഈ സ്ഥാനത്തിരിത്തിയ മുഖ്യമന്ത്രിക്ക് ഈ കുടുംബ പശ്ചാത്തലം അറിയാമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
















