ന്യൂയോര്‍ക്ക്: യുഎന്‍ ജനറല്‍ അംസബ്ലിയില്‍ കശ്മീരിനെ ആയുധമാക്കിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ഉഗ്രന്‍ മറുപടിയുമായി അമേരിക്ക. കശ്മീരിലെ മുസ്ലിങ്ങളുടെ മനുഷ്യാവകാശത്തെ പറ്റി ഘോരംഘോരം പ്രസംഗിക്കുന്ന ഇമ്രാന്‍ഖാന് ചൈനയിലെ മുസ്ലിങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി ഒന്നും പറയാനില്ലേ എന്ന് യുഎസ്. കശ്മീരിലെ മുസ്ലിംകളുടെ മനുഷ്യാവകാശത്തെക്കുറിച്ച് മാത്രം എന്തിനാണ് വിഷമിക്കുന്നതെന്നും ചൈനയിലുടനീളം മുസ്ലിം സമുദായത്തിലെ അംഗങ്ങള്‍ക്ക് നിലനില്‍ക്കുന്ന ‘ഭയാനകമായ അവസ്ഥകളെ’ ഉയര്‍ത്തിക്കാട്ടാത്തതെന്താണെന്നും ഐക്യരാഷ്‌ട്ര പൊതുസഭയുടെ 74-ാമത് സെഷനില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ ദക്ഷിണ-മധ്യേഷ്യയുടെ യുഎസ് ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് വെല്‍സ് ചോദിച്ചു. സിന്‍ജിയാങ് പ്രവിശ്യയിലെ തുര്‍ക്കി സംസാരിക്കുന്ന മുസ്ലിംകള്‍ അടക്കം പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നില്ലേ?
ചൈന പാകിസ്ഥാന്റെ നല്ല സഖ്യകക്ഷിയാണ്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദികളായ ജയ്ഷ് ഇ മുഹമ്മദ് മേധാവി മസൂദ് അസ്ഹര്‍, മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ് എന്നിവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ആഗോള ശ്രമങ്ങള്‍ തടയാന്‍ ശ്രമിച്ചാണ് ബീജിംഗ് പലപ്പോഴും ഇസ്ലാമാബാദിനെ രക്ഷപ്പെടുത്തുന്നത്. സാമ്പത്തിക ഞെരുക്കത്തെ അതിജീവിക്കാന്‍ പാക്കിസ്ഥാന് ചൈന സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.’പടിഞ്ഞാറന്‍ ചൈനയില്‍ തടവിലാക്കപ്പെട്ട മുസ്ലിംകളെക്കുറിച്ചു ഒന്നും മിണ്ടാതെ കശ്മീരിലെ മുസ്ലിംകളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ആശങ്കാകുലരാകുന്നതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ പ്രയാസമില്ലെന്നും വെല്‍സ്.
















