തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷനെയും (കെഎസ്‌യുഎം) സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെയും സംരംഭകത്വത്തിന്റെ പുതിയ ഉയരങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിന് പ്രയോജനപ്പെടുന്ന തരത്തില്‍ ആഗോള സ്ഥാപനങ്ങളായ ഓപ്പോ, വാധ്വാനി ഫൗണ്ടേഷന്‍, ഓര്‍ബിറ്റല്‍ മൈക്രോ സിസ്റ്റംസ് എന്നിവരുമായുള്ള ധാരണാപത്രം ഒപ്പിടുന്നതിന് ഹഡില്‍ കേരള-2019ന്റെ ഉദ്ഘാടനചടങ്ങ് വേദിയായി.
ട്വിറ്റര്‍ സ്ഥാപകന്‍ ബിസ് സ്റ്റോണിന്റെ കേരളത്തിലെ നിക്ഷേപ പ്രഖ്യാപനവും ഫെയ്സ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അജിത് മോഹന്റെ നിക്ഷേപവാഗ്ദാനവും കേന്ദ്ര സര്‍ക്കാരിന്റെ വനിതാ സംരംഭകശേഷി വികസന പദ്ധതിയുടെ കേരളത്തിലെ ഉദ്ഘാടനവും നടന്ന വേദിയില്‍ തൊട്ടുപിന്നാലെയാണ് ധാരണാപത്രങ്ങള്‍ ഒപ്പുവച്ചത്. ഓപ്പോ മൊബൈല്‍ ഇന്ത്യയുമായുള്ള കെഎസ്‌യുന്റെ ധാരണാപത്രം കേരള ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസും ഓപ്പോ ഇന്ത്യ വൈസ് പ്രസിഡന്റ് തസ്ലീം ആരിഫുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ചത്.

വാധ്വാനി ഫൗണ്ടേഷന് വേണ്ടി സീനിയര്‍ വൈസ് പ്രസിഡന്റ് അഭിനവ് ഖേരയും എം. ശിവശങ്കറും ധാരണാപത്രം കൈമാറി. ഓര്‍ബിറ്റല്‍ മൈക്രോ സിസ്റ്റംസുമായുള്ള ധാരണാപത്രത്തില്‍ സ്ഥാപനത്തിന്റെ സഹസ്ഥാപകന്‍ ഡേവിഡ് ഗലാഹറും സ്പേസ് പാര്‍ക്ക് സിഇഒ സന്തോഷ് കുറുപ്പും ഒപ്പുവച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ജോയിന്റ് സെക്രട്ടറി അനില്‍ അഗര്‍വാള്‍, ഇന്‍റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഷന്‍ സിഇഒ ജിതേന്ദര്‍ എം മിന്‍ഹാസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഈ ധാരണാപത്രങ്ങളിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണികളില്‍ പ്രവേശിക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള സാഹചര്യം സാധ്യമാകും. ഓപ്പോയുടെ ഗവേഷണ-വികസന കേന്ദ്രത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പരിശീലനവും ശില്പശാലകളും നടത്തും. കൂടാതെ ഇന്‍കുബേഷന്‍ പ്രോഗ്രാമുകള്‍ക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങളും സജ്ജമാക്കും. വനിതാ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും ആക്സിലറേഷന്‍ പ്രോഗ്രാമുകളാണ് വാധ്വാനി ഫൗണ്ടേഷന്‍ നടത്തുക.
തിരുവനന്തപുരത്തെ സ്പേസ് പാര്‍ക്കില്‍ ലോകനിലവാരത്തില്‍ ഗ്ലോബല്‍ എര്‍ത്ത് ഒബ്സര്‍വേഷന്‍ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കാനാണ് ഓര്‍ബിറ്റല്‍ മൈക്രോ സിസ്റ്റംസുമായി ധാരണാപത്രം ഒപ്പുവച്ചത്.
















