മൂന്നാം അദ്ധ്യായം മൂന്നാം പാദം
സര്‍വ്വവേദാന്തപ്രത്യയാധികരണം തുടരുന്നു.
സൂത്രം ഭേദാന്നേതി ചേന്നൈകസ്യാമപി
ഓരോ വര്ണനത്തിലും ഭേദങ്ങള്‍ കാണുന്നതിനാല്‍ എല്ലാം ഒന്നാണെന്ന് പറയുന്നത് ശരിയല്ല എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. ഓരോ ഉപാസനയിലും ഇത്തരത്തില്‍ ഗുണഭേദമുണ്ടാകാം. അല്പമായ ഭേദം കൊണ്ട് ഉപാസന രണ്ടാണ് എന്ന് വരില്ല.
ഓരോ വിഷയത്തിലും വര്‍ണനകള്‍ക്ക് ഭേദമുണ്ടാകാമെങ്കിലും അത് പ്രധാനമായ തത്വത്തെ ബാധിക്കുന്നില്ല. ബ്രഹ്മത്തില്‍ നിന്നാണ് എല്ലാം ഉണ്ടാകുന്നത്. എന്നാല്‍ ഈ ജഗത്തിന്റെ ഉദ്ഭവത്തെപ്പറ്റി പല വര്‍ണനകളും കാണാം. ആദ്യം സത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സത്ത് താന്‍ പലതാകട്ടെ എന്ന് നിനച്ചു.
അങ്ങനെ ലോകമുണ്ടായി എന്ന് ഒരു വര്‍ണന. ആദ്യം ഒരു ആത്മാവാണ് ഉണ്ടായിരുന്നത് അതില്‍ നിന്ന് പ്രപഞ്ചമുണ്ടായി എന്ന് മറ്റൊരു വിവരണം. ആനന്ദമയത്തില്‍ നിന്ന് ജഗത്തുണ്ടായി എന്ന് മറ്റൊരു പ്രകരണം പറയുന്നു.
ഇനി മറ്റൊരിടത്ത് ആത്മാവില്‍ നിന്ന് ആകാശം മുതലായ പഞ്ചഭൂതങ്ങള്‍ ഉണ്ടായി എന്നും ആ പഞ്ചഭൂതങ്ങളില്‍ നിന്നാണ് ജഗത്ത് സൃഷ്ടിക്കപ്പെട്ടതെന്നും കാണാം. രയി എന്നും പ്രാണന് എന്നും ഉള്ള രണ്ട് തത്ത്വങ്ങളില്‍ നിന്ന് ജഗത്ത് ഉണ്ടായി എന്നും വര്ണനയുണ്ട്. മറ്റൊരു സ്ഥലത്ത് ജഗത്ത് ഒരിക്കലും ഇല്ലാതിരുന്നിട്ടില്ലെന്നും പ്രകടമല്ലാത്ത അത് പ്രകടമാകുന്നതാണ് സൃഷ്ടി എന്നും സമര്‍ത്ഥിക്കുന്നുണ്ട്. ഇത്തരത്തില്‍ പലതായി പറഞ്ഞിട്ടുണ്ടെങ്കിലും ഇവയൊന്നും ശ്രുതി വിരുദ്ധമായവയല്ല. ബ്രഹ്മം അഥവാ പരമാത്മാവില്‍ നിന്നാണ് ജഗത്തുണ്ടായതെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. പിന്നീട് വിവരിച്ച് പറയുന്നതിലാണ് വ്യത്യാസം കാണുന്നത്.
സൂത്രം സ്വാധ്യായസ്യ തഥാത്വേന ഹി
സമാചാരേ അധികാരച്ച സവവച്ച തന്നിയമ:
വേദം പഠിക്കുന്നതിന് വ്രതമുള്ളതുകൊണ്ടും അതുമായി ബന്ധപ്പെട്ട ആചാരമുള്ളതിനാലും വ്രതം അനുഷ്ഠിച്ചവര്‍ക്കാണ് അധികാരം എന്നതിനാലും ശ്രുതിയില്‍ അങ്ങനെ ഉള്ളതിനാലും ഹോമവിധിപോലെ അത് നിയമമാണ്. അഥര്‍വവേദ പ്രകാരം വേദം പഠിക്കുന്നതിന് ശിരോ വ്രതം എന്ന നിയമമുണ്ട്.ഇത് അങ്ങനെ ആചരിച്ച് വരുന്നുമുണ്ട്. അത് അനുഷ്ഠിക്കുന്നവര്ക്കാണ് അധികാരം. ശിരോവ്രതാനുഷ്ഠാനം വേണമെന്ന് ശ്രുതിയിലും കാണാം. ഹോമത്തിലെ വിധിപോലെ അഥര്വവേദശായക്കാര്ക്ക് ഇത് നിയമമാണ്.
ധര്‍മ്മത്തിലും ആചരണത്തിലും മാറ്റം വന്നാലും വിദ്യയ്ക്ക് മാറ്റമില്ലെന്ന് ഇവിടെ സമര്‍ത്ഥിക്കുന്നു. അഥര്വവേദക്കാര് വേദാധ്യയന സമയത്ത് ശിരോവ്രതം തുടങ്ങിയ നിയമങ്ങളെ പാലിക്കണം.അഥര്വവേദശാഖയിലെ ഉപനിഷത്തായ മുണ്ഡകത്തില്ശിരോവ്രതത്തെ പറയുന്നുണ്ട്. ഇങ്ങനെ നിമയങ്ങളെ ചെയ്യുന്നതിനാല്‍ അഥര്‍വ വേദ ശാഖവേദത്തില് നിന്നും വേറിട്ടതാണോ എന്ന് സംശയമുണ്ടാകും. ഇക്കാര്യത്തില്‍ സംശയമേ വേണ്ട. പഠനത്തിലും പാരായണത്തിലും പ്രത്യേക നിയമങ്ങള്‍ ഉണ്ടാകാമെങ്കിലും വേദത്തില്‍ നിന്നും വേറിട്ടതാകില്ല.
സൂത്രം ദര്‍ശയതി ച
ശ്രുതിയിലും സ്മൃതിയിലും ഈ ഏകത്വത്തെ കാണിക്കുന്നുമുണ്ട്. വേദത്തിന്റെയും വേദാന്തത്തിന്റെയും പ്രമേയം ഒന്നാണെന്ന് ഉപനിഷത്തുക്കളില്‍ പറയുന്നു. എല്ലാ വര്‍ണനകളുടേയും അടിസ്ഥാന തത്വം ഒന്നാണെന്ന് അറിയണം. കഠോപനിഷത്തില്‍ ‘സര്‍വേ വേദാ യ ത് പദമാ മനന്തി എല്ലാ വേദങ്ങളും ഒരേ സ്ഥാനത്തെയാണ് ഉപദേശിക്കുന്നത് എന്നും ‘മഹദ് ഭയം വജ്ര മുദ്യുദതം’ എന്ന് ഭയത്തെപ്പറ്റി പറയുന്നു. തൈത്തിരീയത്തില്‍ ‘യദാഹ്യേവൈഷ ഏതസ്മിന്നുദരമന്തരം കുരുതേ, അഥ തസ്യ ഭയം ഭവതി’ ബ്രഹ്മത്തെയല്ലാതെ മറ്റൊന്നിനെ വിചാരിക്കുന്നവര്‍ക്ക് ഭയമുണ്ടാകുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: