കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനങ്ങളുടെ പകര്‍പ്പ് ഹാജരാക്കാന്‍ സര്‍ക്കാരിനോട് ജഡ്ജസ് ലൈബ്രറി ആവശ്യപ്പെട്ടു. 1955 ഒക്ടോബര്‍ 21 ലും 1956 നവംബര്‍ 27 ലും ഇറക്കിയ വിജ്ഞാപനങ്ങളുടെ പകര്‍പ്പാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രേഖകള്‍ കൈവശം ഇല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി അടുത്തമാസം പരിഗണിക്കും. പുനപരിശോധിക്കണമെന്ന ഹര്‍ജികളില്‍ വാദം കേട്ട ഭരണഘടനാ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോടു കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു.ഈ വിജ്ഞാപനങ്ങള്‍ പ്രകാരം പത്തിനും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതു പാടില്ലെന്നായിരുന്നു.
ഈ വിജ്ഞാപനങ്ങള്‍ 1965 ലെ ഹിന്ദു പ്ലെയ്സസ് ഓഫ് വര്‍ഷിപ്പ് (ഓതറൈസേഷന്‍ ഓഫ് എന്‍ട്രി) ആക്ടിന്റെ മൂന്നാം വകുപ്പിനും ഭരണഘടനയ്ക്കും വിരുദ്ധമെന്നാണു ഭരണഘടനാ ബെഞ്ച് വിധിച്ചത്. വിധി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുള്ള 56 ഹര്‍ജികളില്‍ ഫെബ്രുവരിയില്‍ വാദം കേട്ടിരുന്നു.
പകര്‍പ്പുകള്‍ കഴിയുമെങ്കില്‍ ഇന്നലെത്തന്നെ എത്തിക്കാനാണു ജഡ്ജസ് ലൈബ്രറി ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ കൈവശവും പകര്‍പ്പില്ലെന്നും ആയതിനാല്‍ ദേവസ്വം ബോര്‍ഡില്‍ പരിശോധിക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 1965 ലെ നിയമത്തിന്റെ മൂന്നാം വകുപ്പിനു വിരുദ്ധമായ ഒരാചാരം നടപ്പാക്കുന്ന ഒന്നാണു ചട്ടം 3 (ബി) എന്നും അതു മൂന്നാംവകുപ്പിലെ ക്ഷേത്ര പ്രവേശന അവകാശത്തിനു വിരുദ്ധമാണെന്നുമായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. ഇതു പുനഃപരിശോധിക്കണമെന്നാണു കൂടുതല്‍ ഹര്‍ജികളും. നവംബര്‍ 17 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുകയാണ്. അതിനു മുമ്പ് പുനഃപരിശോധന ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകുമെന്നാണു സൂചന.
















