ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം പയറ്റുക ചെങ്ങന്നൂര്‍ മോഡല്‍ അടവുനയം. മതന്യൂനപക്ഷ വോട്ടുകള്‍ പ്രീണനത്തിലൂടെ സമാഹരിച്ച് വിജയിക്കാന്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സാധിച്ചിരുന്നു. വേദികളില്‍ രാഷ്‌ട്രീയം പറയുകയും പിന്നണിയില്‍ സമുദായ നേതാക്കളേയും മതനേതാക്കളെയും പ്രീണിപ്പിച്ച് ഒപ്പം നിര്‍ത്തിയാണ് ചെങ്ങന്നൂരില്‍ വലിയ വിജയം നേടാന്‍ സിപിഎമ്മിന് കഴിഞ്ഞത്. അതേ നയമാണ് അരൂരിലും പയറ്റുകയെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വ്യക്തമാക്കുന്നു. അരൂരില്‍ ഹിന്ദു സ്ഥാനാര്‍ത്ഥി വേണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായംപോലും തള്ളിയത് ഇതിന്റെ ഭാഗമാണെന്നാണ് സൂചന.
യുഡിഎഫിന്റേയും എന്‍ഡിഎയുടെയും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ ഏറ്റുമുട്ടുമ്പോള്‍ ന്യൂനപക്ഷ ഏകീകരണത്തിലൂടെയും സമുദായ നേതാക്കളെ കൈയിലെടുത്തും ജയിക്കാമെന്നാണ് ഇടതു വിലയിരുത്തല്‍. അടിസ്ഥാന വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും ഒന്നിക്കുമ്പോള്‍ ജയം ഉറപ്പെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ഭൂരിപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ മത്സരിക്കണണെന്ന് ആവശ്യപ്പെട്ടവരെ സ്വാധീനിക്കാനുള്ള ശ്രമവും ഇടതുപക്ഷം തുടങ്ങിക്കഴിഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ ആവശ്യം കോന്നിയില്‍ നടപ്പാക്കിയെന്നാണ് സിപിഎം നിലപാട്.
സിപിഎം സ്ഥാനാര്‍ത്ഥി മനു സി.പുളിക്കന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന എസ്. രാജേഷ് യൂത്ത് കോണ്‍ഗ്രസ് അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റും പാണാവള്ളി പഞ്ചായത്തംഗവുമാണ്. എ ഗ്രൂപ്പുകാരനാണെന്നതും സാമുദായിക പരിഗണനയുമാണ് രാജേഷിന് തുണയായത്. അതിനിടെ യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് എസ്. ദീപുവിനേയും പരിഗണിക്കുന്നുണ്ട്.
എ, ഐ ഗ്രൂപ്പുകള്‍ അരൂര്‍, കോന്നി മണ്ഡലങ്ങള്‍ പരസ്പരം വച്ചുമാറാനും ആലോചനയുള്ളതായി അറിയുന്നു. അങ്ങനെ സംഭവിച്ചാല്‍ ഷാനിമോള്‍ ഉസ്മാന് വീണ്ടും നറുക്കു വീണേക്കും. രാഷ്‌ട്രീയ പോരാട്ടമല്ല, സംഘടിത വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതില്‍ ആരാകും മുന്നിലെന്ന മത്സരമായിരിക്കും അരൂരില്‍ നടക്കുകയെന്ന് വ്യക്തമാകുകയാണ്.
















