ആലപ്പുഴ: ക്യാമ്പസുകളില്‍ എസ്എഫ്‌ഐയുടെ തേര്‍വാഴ്ച തുടരുന്നു. വിദ്യാര്‍ഥിനികളെ ആക്രമിച്ച് നിശ്ശബ്ദരാക്കാനുള്ള എസ്എഫ്‌ഐയുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി എഐഎസ്എഫ്. ചേര്‍ത്തല എസ്എന്‍ കോളേജ് യുണിയന്‍ തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കിയതിന് എഐഎസ്എഫ് ജില്ലാ കമ്മിറ്റിയംഗവും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ എസ്എന്‍ പുരം നെടുംചിറയില്‍ എന്‍.എം. അര്‍ച്ചനയെയാണ് എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചത്.
കഴിഞ്ഞ 19ന് ഉച്ചയ്‌ക്ക് ക്ലാസ് മുറിയില്‍ കയറിയായിരുന്നു അക്രമം. അര്‍ച്ചനയുടെ കൈപിടിച്ച് തിരിച്ച്, നെഞ്ചില്‍ അടിച്ചു. ഭയം കാരണം മറ്റു വിദ്യാര്‍ഥികള്‍ പ്രതികരിക്കാന്‍ തയാറായില്ല. കോളേജില്‍ എസ്എഫ്‌ഐ ഒഴികെയുള്ള സംഘടനകള്‍ക്ക് മത്സരിക്കാന്‍ പത്രിക നല്‍കാന്‍ പാടില്ലെന്നാണ് അലിഖിത നിയമം. ഇതിന് വിരുദ്ധമായി പത്ത് വിദ്യാര്‍ഥികള്‍ പത്രിക നല്‍കിയതാണ് അക്രമത്തിന് കാരണമെന്ന് അര്‍ച്ചന പറഞ്ഞു. കേട്ടാല്‍ അറയ്‌ക്കുന്ന തെറിയും എസ്എഫ്‌ഐ നേതാക്കള്‍ വിളിച്ചു.
പ്രിന്‍സിപ്പാളിന് രേഖാമൂലം പരാതി നല്‍കിയെങ്കിലും ഇതുവരെ കാര്യമെന്തെന്ന് അന്വേഷിക്കാന്‍ പോലും അദ്ദേഹം തയാറായില്ല. വിവരമന്വേഷിച്ച എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയോട് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറി. അക്രമികള്‍ക്കെതിരെ മാരാരിക്കുളം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് നടന്നില്ല. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ അര്‍ച്ചനയെ എസ്എഫ്‌ഐക്കാര്‍ വീണ്ടും അപമാനിക്കുകയാണ്.
എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നന്ദുമോഹന്‍, യൂണിറ്റ് സെക്രട്ടറി സോജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. വനിതാ പ്രവര്‍ത്തകയെ അക്രമിച്ചിട്ടും പോലും പ്രതികളെ എസ്എഫ്‌ഐയും, സര്‍ക്കാരും, കോളേജ് അധികൃതരും സംരക്ഷിക്കുകയാണ്. നടപടിയുണ്ടായില്ലെങ്കില്‍ ഡിവൈഎസ്പി മാര്‍ച്ച് ഉള്‍പ്പടെ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ബ്രൈറ്റ് എസ്. പ്രസാദ്, സെക്രട്ടറി വിപിന്‍ദാസ് എന്നിവര്‍ അറിയിച്ചു. അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഐ ആവശ്യപ്പെട്ടാലും സിപിഎം സ്ഥാനാര്‍ഥിക്കായി പ്രചരണത്തിനിറങ്ങില്ലെന്നും, കലാലയങ്ങളെ അക്രമികളുടെ താവളമാക്കി എസ്എഫ്‌ഐ അധഃപതിപ്പിച്ചെന്നും അവര്‍ പറഞ്ഞു.
















