മുംബൈ: ബാര്‍ ഡാന്‍സറെ പീഡിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് കോടതി. ബിനോയിക്കെതിരേ ബിഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയുള്ളതിനാല്‍ ഓഷിവാര പോലീസ് എതിര്‍പ്പുയര്‍ത്തിയതിനാലാണ് അന്ധേരി കോടതി അപേക്ഷ തള്ളിയത്. അന്ധേരിയിലെ ബീക്കെ ലീഗല്‍ എന്ന നിയമസ്ഥാപനം വഴി സെപ്റ്റംബര്‍ 16നാണ് യാത്രാനുമതിക്ക് ബിനോയ് അപേക്ഷിച്ചത്. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 10 വരേയാണ് യാത്രാനുമതി ആവശ്യപ്പെട്ടത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ബിനോയിക്കെതിരേ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യാത്രാനുമതിക്കുവേണ്ടി ബിനോയ് കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചത്.
തുടര്‍ന്ന് കോടതി പോലിസിന്റെ പ്രതികരണം തേടിയിരുന്നു. ബിനോയ് പ്രതിയാണെന്നും നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതാണെന്നും പോലിസ് കോടതിയില്‍ വ്യക്തമാക്കി. പരാതിക്കാരിയുടെ മകന്റെ പിതൃത്വം പരിശോധിക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഈയിടെ ബിനോയ് ഡി.എന്‍.എ. പരിശോധനയ്‌ക്ക് വിധേയനായിരുന്നു. പരിശോധനാഫലം ഇനിയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ഒക്ടോബര്‍ 15ന് കേസ് ബോംബെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.
















