പിറവം : അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ഏറ്റെടുത്തതായി സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഓര്‍ത്ത്‌ഡോക്‌സ് – യാക്കോബായ തര്‍ക്കങ്ങളെ കുടര്‍ന്ന് വ്യാഴാഴ്ച ജില്ലാ കളക്ടര്‍ പള്ളിയില്‍ എത്തുകയും പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ പള്ളി പൂട്ടിയ സര്‍ക്കാര്‍ താക്കോല്‍ കോടതിയില്‍ ഹാജരാക്കും. ഉച്ചക്ക് 1.45-നാണ് കേസ് പരിഗണിക്കുന്നത്. കോടതി നിര്‍ദ്ദേശമനുസരിച്ച് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളും.
ഓര്‍ത്ത് ഡോക്‌സ് വിഭാഗത്തിന് സുപ്രീംകോടതിയില്‍ അനൂകൂല ഉത്തരവ് ഉണ്ടായതിനെ തുടര്‍ന്ന് ബുധനാഴ്‌ച്ച പള്ളിയില്‍ എത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രതിഷേധവുമായി എത്തിയ യാക്കോബായ വിഭാഗം പള്ളിയുടെ ഗേറ്റ് പൂട്ടുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കലഹങ്ങളുടെ പശ്ചാത്തലത്തില്‍ യാക്കോബായ സഭ ഇന്ന് 12 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്
അതേസമയം ഭാവി പദ്ധതികള്‍ ആലോചിക്കാന്‍ യാക്കോബായ സഭയുടെ മാനേജിങ് കമ്മിറ്റി യോഗം ഇന്ന് ഉച്ചക്ക് കോതമംഗലത്ത് ചേരും.
പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച യാക്കോബായ വൈിദികരോയും വിശ്വാസികളേയും വ്യാഴാഴ്ച അറ്‌സ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒര്‍ത്ത്‌ഡോക്സ് സഭയുടെ മൂവാറ്റുപുഴയിലുള്ള കണ്ടനാട് ഈസ്റ്റ് ഭദ്രാസന ആസ്ഥാനത്തേക്ക് യാക്കോബായ വിഭാഗം പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാരെ അരമനക്കു മുന്നില്‍ പൊലീസ് തടഞ്ഞു.
ഇതോടെ റോഡരികില്‍ സ്ഥാപിച്ചിരുന്ന അരമനയുടെ ബോര്‍ഡ് പ്രതിഷേധക്കാര്‍ തകര്‍ത്തു. അരമനക്ക് മുന്നിലുള്ള കുരിശു പള്ളിക്കു മുകളില്‍ ഉള്‍പ്പെടെ യാക്കോബായ വിഭാഗത്തിന്റെ കൊടികള്‍ സ്ഥാപിക്കുകയും ചെയ്തു. രണ്ടു മണിക്കൂറിനു ശേഷം കുരിശുപള്ളിക്കു മുന്നില്‍ പ്രാര്‍ത്ഥനയും നടത്തിയാണ് യാക്കോബായ വിഭാഗം പിരിഞ്ഞു പോയത്.
















