രണ്ടാം പാദത്തില്‍ ജീവന്റെ സ്വപ്ന സമാധി അവസ്ഥകളുടെ നിരൂപണം ചെയ്ത് ബ്രഹ്മത്തിന്റെ സഗുണ നിര്‍ഗുണ ലക്ഷണങ്ങളെ വിലയിരുത്തി. ബ്രഹ്മത്തിന്റെ അപ്രമേയഭാവം സമര്‍ത്ഥിച്ചു. പരാ അപരാ പ്രകൃതികളെ പറഞ്ഞ് പരമാത്മാവിന്റെ ഭേദ അഭേദഭാവത്തെയും കണ്ടു. അവസാനമായി കര്‍മ്മഫലദാതാവ് ഈശ്വരനാണെന്ന് ഉറപ്പിക്കുകയും ചെയ്തു. മൂന്നാം പാദത്തില്‍ ബ്രഹ്മവിദ്യയുടെ ഐകരൂപ്യത്തെ പറയുന്നു. ഒന്നായ ബ്രഹ്മവിദ്യയെ പലതായി പറഞ്ഞിട്ടുണ്ടെങ്കിലും അത് ഒന്നാണെന്ന് ഇവിടെ വ്യക്തമാക്കുന്നു.
മൂന്നാം അദ്ധ്യായം മൂന്നാം പാദം
ഈ പാദത്തില്‍ 36 അധികരണങ്ങളുണ്ട്. ആകെ 66 സൂത്രങ്ങളുമുണ്ട്. ഉപനിഷത്തുകളില്‍ പലതരത്തില്‍ വര്‍ണിച്ചിട്ടുള്ള ബ്രഹ്മ ലക്ഷണത്തെ വിചാര ചെയ്യുന്നതിലൂടെയാണ് ഈ പാദത്തിലെ ആദ്യ അധികരണം ആരംഭിക്കുന്നത്.
സര്‍വ്വവേദാന്തപ്രത്യയാധികരണം
ആദ്യ അധികരണമായ ഇതില്‍ നാല് സൂത്രങ്ങളാണുള്ളത്.
ബ്രഹ്മ ലക്ഷണ വിചാരം ഇവിടെ തുടങ്ങുന്നു.
സൂത്രം സര്‍വ്വ വേദാന്തപ്രത്യയം ചോദനാദ്യവിശേഷാത്
എല്ലാ വേദാന്ത ഗ്രന്ഥങ്ങളിലും വേറെയായി കാണുന്ന ബ്രഹ്മ വര്‍ണ്ണനകളെല്ലാം (ബ്രഹ്മവിദ്യാ വര്‍ണനകള്‍) ഒന്ന് തന്നെയാണ്.
പ്രേരണ മുതലായവയില്‍ വിശേഷമില്ലാത്തതിനാലാണിത്.
ബ്രഹ്മ തത്വത്തെ വിസ്തരിച്ചു കഴിഞ്ഞതിനു ശേഷം ബ്രഹ്മ ലക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഉപനിഷത്തുക്കളില്‍ പലയിടങ്ങളിലായി ബ്രഹ്മത്തിന്റെ ലക്ഷണം പലതരത്തിലാണ് പറഞ്ഞിട്ടുള്ളത്.
കര്‍മ്മങ്ങള്‍ പലത് ഉള്ളതുപോലെ ബ്രഹ്മവും പല തരത്തിലുണ്ടോ എന്നാണ് സംശയം.
ഏകമായ ബ്രഹ്മത്തിനെ എങ്ങനെ പലതായി വര്‍ണിക്കാനാകും. ഉപനിഷത്തിലെ ബ്രഹ്മ വിജ്ഞാനങ്ങള്‍ വ്യത്യസ്തങ്ങളാണോ എന്ന സംശയത്തിനെ ദൂരികരിക്കുകയാണ് ഇവിടെ.
ഒരു വസ്തുവിനെ പല വീക്ഷണങ്ങളില്‍ കൂടി നോക്കി കാണാം. അപ്പോള്‍ വ്യത്യാസം തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ചോദനം മുതലായ കര്‍ത്തവ്യങ്ങളെപ്പറ്റി പറയുമ്പോള്‍ വ്യത്യാസമുണ്ടാകില്ല. അതിനാല്‍ പുറമേയ്ക്ക് പലതായി തോന്നുന്ന ലക്ഷണങ്ങളെല്ലാം ഒന്നിനെതന്നെ സൂചിപ്പിക്കുന്നതാണ്.
വര്‍ണനകള്‍ പലതാണെങ്കിലും ഫലനിര്‍ദ്ദേശം ഒന്നാണ്. ബ്രഹ്മജ്ഞാനവും ബ്രഹ്മ പ്രാപ്തിയുമാണ് ഫലം.
എല്ലാ ഉപനിഷത്തുക്കളും ആ ഫലം കിട്ടാനാണ് ബ്രഹ്മത്തെ വര്‍ണിച്ചിരിക്കുന്നത്.
എല്ലാ വര്‍ണനകളുടേയും അന്തിമ നിര്‍ദ്ദേശം ബ്രഹ്മോപാസനമാണ്.
കര്‍മ്മത്തെപ്പോലെ ഉപാസനകളിലും വ്യത്യാസമുണ്ടാകാം. സഗുണ ബ്രഹ്മവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ വര്‍ണനകളിലും മാറ്റം കണ്ടേക്കാം.
ഉപാസനകളുടെ ഫലങ്ങള്‍ ദൃഷ്ടമോ അദൃഷ്ടമോ ആകും. ക്രമമ്യക്തി ഫലത്തെ തരുന്ന ഉപാസനകളുമുണ്ട്.ഇത്തരത്തില്‍ പല തരത്തിലുള്ള വര്‍ണ്ണനകള്‍ കാണാമെങ്കിലും അവ അവസാനിക്കുന്നത് ‘സ ആത്മാ സ വിജ്ഞേയഃ’ ആ ആത്മാവിനെ തന്നെയാണ് അറിയേണ്ടത് എന്ന നിലയിലാണ്.
‘ന നാമ്നാ സ്യാദചോദനാ വിഷയത്വാത്’ നാമങ്ങള്‍ക്ക് ചോദനാ വിഷയമല്ലാത്തതിനാല്‍ പ്രാധാന്യമില്ല എന്ന് പറഞ്ഞ് ഭേദത്തെ പരിഹരിക്കുകയാണ് ചെയ്യുന്നത്.
അതിനാല്‍ പലതരത്തില്‍ വര്‍ണിച്ചിരിക്കുന്നത് കണ്ട് ആശയക്കുഴപ്പം ഉണ്ടാകേണ്ടതില്ല.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: