തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം കമ്മ്യൂണിസ്റ്റ് ബന്ധമുള്ള കവിക്ക് നല്‍കണമെന്ന ബാഹ്യസമ്മര്‍ദങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാരനിര്‍ണയ സമിതി അധ്യക്ഷസഥാനത്തു നിന്ന് പൊഫ്ര. എം.കെ.സാനു രാജിവെച്ചു. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കമ്മ്യൂണിസ്റ്റ് ബന്ധമുളള, മലയാളത്തിലെ ഒരു പ്രമുഖകവിയും ഭാഷഗവേഷകനും അദ്ധ്യാപകനുമായ ഒരാളുടെ ആത്മകഥയ്‌ക്ക് പുരസ്‌കാരം നല്‍കാനുളള സമിതിയുടെ നീക്കത്തില്‍ പ്രതീഷേധിച്ചാണ് രാജിവെയ്‌ക്കുന്നതെന്ന് പ്രൊഫ. എം.കെ.സാനു വ്യക്തമാക്കി. അര്‍ഹതയില്ലാത്ത കൃതിക്ക് പുരസ്‌കാരം നല്‍കുന്നതിനായി കടുത്ത ബാഹ്യസമ്മര്‍ദങ്ങളും ഇടപെടലും സമിതിക്കുമേല്‍ ഉണ്ടായി. അതിന് കൂട്ടുനില്‍ക്കാനാവത്തതിനാലാണ് രാജിവെയ്‌ക്കുന്നതെന്ന് അദേഹത്തിന്റെ രാജികത്തില്‍ പറയുന്നു.
സര്‍ഗാത്മകത മാത്രം മാനദണ്ഡമാക്കിയണ് സമിതി ഇതുവരെ പുരസ്‌കാരത്തിന് കൃതികള്‍ പരിഗണിച്ചത്. വി.ജെ.ജെയിംസിന്റെ ‘നിരീശ്വരന്‍’ എന്ന നോവലും ഏഴാച്ചേരി രാമചന്ദ്രന്റെ ‘ഇലത്തുമ്പിലെ വജ്രദാഹം’ എന്ന കാവ്യവും അവസാനവട്ടം വരെ പരിഗണിച്ചിരുന്നു. സര്‍ഗാത്മതയുളള മികച്ച കൃതികളായതിനാലാണ് അത്. ബുധനാഴ്ചയാണ് രാജിവെച്ചതായി അറിയിച്ചുകൊണ്ടുളള കത്ത് എം.കെ.സാനു കൈമാറിയത്.
നേരത്തെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സഹപാഠിയെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ കുത്തിപ്പരിക്കേല്‍പിച്ചതിലും അക്രമം അഴിച്ചുവിട്ടതിലും രൂക്ഷ വിമര്‍ശനവുമായി എം കെ സാനു രംഗത്തെത്തിയിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായത് നികൃഷ്ടമായ സംഭവമാണ്. ഇത് തീര്‍ത്തും അപലപനീയമാണെന്നും അംഗീകരിക്കാനാവാത്തതാണെന്നും പ്രൊഫ. സാനു പറഞ്ഞിരുന്നു. സര്‍ക്കാര്‍ കുറ്റവാളികളെ കണ്ടെത്തി അര്‍ഹമായ ശിക്ഷ നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
















