ഇസ്ലാമബാദ് : ആഗോളഭീകരനും ലഷ്‌കര്‍ ഇ തൊയ്ബ മേധാവി ഹാഫിസ് സയീദിന് യുഎന്നില്‍ സഹായം അഭ്യര്‍ത്ഥിച്ച് പാക്കിസ്ഥാന്‍. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് ഹാഫിസ് സയീദ്. ഹാഫിസ് സയീദിന്റെ കുടുംബത്തിന് ധനസഹായം ആവശ്യമുണ്ടെന്നും, അതിനാല്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ ബന്ധുക്കളെ അനുവദിക്കണമെന്നാണ് പാക്കിസ്ഥാന്‍ യുഎന്നില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ ഹാഫിസ് സയീദിന്റെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുള്ള സ്വത്തു വകകള്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് നാലുപേരടങ്ങുന്ന കുടുംബത്തിന്റെ ചിലവുകള്‍ക്കായി 1,50,000 പാക് കറന്‍സി പിന്‍ വലിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അംഗങ്ങളില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്ന് സുരക്ഷാ സമിതി പണം സയീദിന് പണം എടുക്കാനുള്ള അനുമതി നല്‍കി. ലാഹോര്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന സയീദിന്റെ പെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ട് വഴിയാണ് വരുന്നത്. അത് എടുക്കാന്‍ ഹാഫീസ് സയീദിനെ അനുവദിക്കണമെന്നാണ് പാക് വാദം.
അതേസമയം ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയാണ് തങ്ങള്‍ കൈക്കൊള്ളുന്നതെന്ന പാക് ന്യായീകരണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇത്. ഭീകര സംഘടനയ്‌ക്ക് ധനസഹായം നല്‍കിയെന്നതിന്റെ പേരില്‍ ജൂലൈ 17നാണ് പാക്കിസ്ഥാന്‍ ഭീകര വിരുദ്ധ സേന ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യുന്നത്.
















