തിരുവനന്തപുരം: കല്ലാനയ്‌ക്ക് പിന്നില്‍ മൂന്ന് സാധ്യതകളാണുള്ളതെന്ന് എം ജി ശശിഭൂഷന്‍. ജോലിയില്‍ തെറ്റുചെയ്ത ശില്‍പികളിലൊരാളെ ക്ഷേത്ര നിര്‍മാണത്തില്‍ നിന്നു വിലക്കിയതിനെ തുടര്‍ന്ന് പശ്ചാത്താപവശാല്‍ ആ ശില്‍പി പണിതതായിരിക്കാം കല്ലാനയെന്നതാണ് ഒന്നാമത്തെ സാധ്യത. രണ്ടാമത്തെ സാധ്യത ക്ഷേത്രപ്പണിയില്‍ താല്‍പര്യപ്പെട്ടു വന്ന ശില്‍പിയെ ഒഴിവാക്കിയതില്‍ മനംനൊന്ത് ആ ശില്‍പി നിര്‍മിച്ചതാകാമെന്നതാണ്. നിര്‍മാണത്തിനിടെ അംഗഭംഗം വന്ന ശില്‍പത്തെ പത്മതീര്‍ഥക്കരയില്‍ സ്ഥാപിച്ചതാകാമെന്നതാണ് മൂന്നാമത്തെ സാധ്യത.
ക്ഷേത്രത്തിനു മുന്നില്‍ കൗതുക കരമായി സ്ഥിതി ചെയ്യുന്ന കല്ലാനയെ കുറിച്ച് സിവി രാമന്‍പിള്ളയുടെ നോവലില്‍ പരാമര്‍ശമുണ്ടെങ്കിലും മറ്റൊരു രേഖയും ലഭ്യമായിട്ടില്ല. എന്തായാലും 250 വര്‍ഷത്തില്‍ക്കൂടുതല്‍ പഴക്കം കല്ലാനയ്‌ക്കുണ്ട്. പലപ്പോഴായി നടത്തിയ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്ലാനയുടെ മൂന്നില്‍ രണ്ടു ഭാഗവും മണ്ണിനടിയിലായിരുന്നു. മണ്ണിനടിയില്‍ താഴ്ന്നുപോയ കല്ലാനയെ പൂര്‍വ സ്ഥിതിയിലാക്കാന്‍ നടപടി ഇന്നലയോടെ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുരാവസ്തു വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കല്ലാനയെ പൂര്‍ണരൂപത്തില്‍ കാണാന്‍ നിരവധിപേര്‍ എത്തുന്നുണ്ട്.
കല്ലാനയുടെ പാദം വരെ കാണത്തക്ക രീതിയില്‍ നവീകരണം നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നാലു വശത്തു നിന്നും മണ്ണു നീക്കം ചെയ്യുന്ന ജോലിയാണ് ആരംഭിച്ചത്. ശേഷം പ്രതലം ടൈല്‍ പാകും. വശങ്ങളില്‍ കൈവരി പിടിപ്പിക്കും. പുറത്തു നിന്നുള്ള വെള്ളം അകത്തേക്ക് കടക്കാതിരിക്കാനും അകത്തെ വെള്ളം പുറത്തു പോകുന്നതിനും സൗകര്യമൊരുക്കും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫിസര്‍ വി.രതീശന്റെ നിര്‍ദേശ പ്രകാരം മാനേജര്‍ ബി.ശ്രീകുമാറിന്റെ മേല്‍നോട്ടത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.പൈതൃക സ്മാരകമെന്ന നിലയില്‍ കല്ലാനയെ സംരക്ഷിക്കണമെന്നാണു ആവശ്യം ശക്തമായിരുന്നു. നേരത്തേ ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ കല്ലാനയെ നിലവിലുള്ള സ്ഥലത്തു നിന്നു ഇളക്കി മാറ്റാന്‍ ശ്രമമുണ്ടായിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു.
















