കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സമ്മതിക്കാതെ പിറവം പളളിക്കുള്ളില്‍ കയറിയിരിക്കുന്നവരെ ഉച്ചയ്‌ക്ക് മുമ്പ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഒന്നേമുക്കാലിന് നടപടിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും പോലീസിനോട് കോടതി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുകയെന്നതാണ് നിര്‍ദേശം. എന്നാല്‍, വിധി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് പള്ളിയില്‍ തമ്പടിച്ചിരിക്കുന്ന സ്ത്രീകള്‍ പറഞ്ഞു. കോടതി വിധിപ്രകാരം പിറവം സെന്റ് മേരീസ് പള്ളിയില്‍ ആരാധന നടത്താനെത്തുന്നവരെ തടയില്ലെന്ന് യാക്കോബായ സഭ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയ മാര്‍ പോളികാര്‍പസ് നേരത്തെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഓര്‍ത്തഡോക്‌സുകാര്‍ അകത്തുകയറാന്‍ ശ്രമിച്ചെങ്കിലും കൂട്ടത്തോടെ യാക്കോബായക്കാര്‍ തടഞ്ഞിരുന്നു.
പള്ളിത്തര്‍ക്കക്കേസില്‍ ബലപ്രയോഗം നടത്തിയാല്‍ വെടിവെപ്പ് വരെ നടന്നേക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിറവം വലിയ പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കോതമംഗലം പള്ളിക്കേസില്‍ പോലീസ് ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിച്ചത്. സഭാതര്‍ക്കം പരിഹരിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെടാവുന്ന സാഹചര്യം ഒഴിവാക്കണം. വെടിവെപ്പും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ച് കോടതി വിധി നടപ്പാക്കാന്‍ സാധിക്കില്ലെന്നും പോലിസ് കോടതിയില്‍ അറിയിച്ചു. കോതമംഗലം സിഐയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ശബരിമലയില്‍ വന്‍തോതില്‍ വിശ്വാസികള്‍ക്കു നേര് ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവും നടത്തി വിധി നടപ്പാക്കാന്‍ ഇറങ്ങിയ പിണറായി സര്‍ക്കാരാണ് സഭ വിഷയത്തില്‍ ഇത്തരമൊരു സത്യവാങ്മൂലവുമായി കോടതിയെ സമീപിച്ചത്.
ഓര്‍ത്ത്‌ഡോക്‌സ് വിഭാഗത്തിനെ അനുകൂലിച്ചുകൊണ്ടുള്ള ഉത്തരവ് യാക്കോബോയ സമൂഹം ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ കോടതി വിധി നടപ്പാക്കാന്‍ പ്രയാസമാണ്. പള്ളിക്കകത്ത് ബലപ്രയോഗമോ വെടിവെപ്പോ നടത്തുന്നത് സാധ്യമല്ല. കേസില്‍ പരാജയപ്പെട്ടെന്ന കാര്യം അവര്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ഇക്കാര്യം അവരെ ബോധ്യപ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്നും അതെല്ലാം അവര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ വിധി നടപ്പാക്കാന്‍ കഴിയൂ എന്നും ഹൈക്കോടതിയില്‍ പോലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
















