തൊടുപുഴ : ദേവികുളം സബ് കളക്ടര്‍ വി.ആര്‍ രേണുരാജിനെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഒമ്പത് വര്‍ഷത്തിനിടെ 15 സബ് കളക്ടര്‍മാരാണ് ദേവികുളത്ത് വന്നു പോയത്. ദേവികുളത്ത് ചുമതലയേറ്റ് ഒരു വര്‍ഷം തികയുന്നതിനു മുമ്പാണ് രേണു രാജിന്റേയും സ്ഥലം മാറ്റം.
ഭൂമി കൈയേറ്റങ്ങള്‍ വ്യാപകമായ ദേവികുളം മേഖലയില്‍ കയ്യേറ്റക്കാര്‍ക്കും ഭൂമാഫിയയ്‌ക്കുമെതിരെ നടപടിയെടുക്കുന്നവരെ സബ് കളക്ടറുടെ കസേരയില്‍ ഇരുത്താന്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകുന്നില്ലെന്നതാണ് ഒരു പരിധി വരെ മിക്ക സ്ഥലം മാറ്റങ്ങള്‍ക്കു പിന്നിലും ഉള്ളത്.
ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് പേരെയാണു മാറ്റിയത്. സബിന്‍ സമീദ്, എന്‍ടിഎല്‍ റെഡ്ഡി, ശ്രീറാം വെങ്കിട്ടരാമന്‍, വി.ആര്‍. പ്രേംകുമാര്‍, ഡോ. രേണു രാജ് എന്നിവരാണു ഇതുവരെ സ്ഥലം മാറ്റപ്പെട്ടവര്‍. മൂന്നാര്‍ ടൗണില്‍ കയ്യേറ്റം ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചു മാറ്റിയതിനു പിന്നാലെ മൂന്നാം ദിവസം സബിന്‍ സമീദിനെ സ്ഥലം മാറ്റി. ഒരു മാസം തികച്ചുപോലും കസേരയില്‍ ഇരിക്കാന്‍ എന്‍ടിഎല്‍ റെഡ്ഡിയെ അനുവദിച്ചില്ല.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിലും കൊട്ടാക്കമ്പൂര്‍, വട്ടവട വില്ലേജുകളിലെ ഭൂരേഖകളുടെ പരിശോധനയുടെ പേരിലും ശ്രീറാം വെങ്കിട്ടരാമന്‍ സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായി. മന്ത്രി എം.എം. മണി, മുന്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്‍ എന്നിവര്‍ ശ്രീറാമിനെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി.
ജോയ്‌സ് ജോര്‍ജിന്റെയും കുടുംബത്തിന്റെ പേരിലുള്ള കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം വി. ആര്‍. പ്രേംകുമാര്‍ റദ്ദാക്കി. പട്ടയം റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്നും കടുത്ത സമ്മര്‍ദം ഉയര്‍ന്നെങ്കിലും പ്രേംകുമാര്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണു അദ്ദേഹത്തെ മാറ്റിയത്. ഇതിനു പിന്നാലെയാണ് രേണുരാജിന്റെ നിയമനം.
കൈയേറ്റക്കാര്‍ക്കു വഴങ്ങാതെ പ്രവര്‍ത്തിച്ച ഡോ. രേണു രാജ്, രണ്ടാഴ്ച മുന്‍പാണു ജോയ്‌സ് ജോര്‍ജിന്റെ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. കൊട്ടാക്കമ്പൂരിലെ ഭൂരേഖകളുടെ പരിശോധയ്‌ക്കായി ഹിയറിങ്ങിനായി ഹാജരാണമെന്നാവശ്യപ്പെട്ട് പല തവണ നോട്ടീസ് നല്‍കിയെങ്കിലും ജോയ്‌സ് ജോര്‍ജ് ഹാജരായില്ല.
ദേവികുളം മേഖലയിലെ കയ്യേറ്റ മാഫിയയെക്കെതിരെ അതിശക്തമായ നിലപാടാണു രേണു രാജ് സ്വീകരിച്ചത്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എയുമായി രേണു രാജും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. രേണു രാജിനെതിരെ എംഎല്‍എ പ്രസ്താവനകള്‍ നടത്തുകയും അത് വിവാദമാവുകയും ചെയ്തിരുന്നു.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞു മടങ്ങിയെത്തിയ അല്‍കേഷ്‌കുമാര്‍ ശര്‍മ്മയെ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറായും മന്ത്രിസഭായോഗം നിയമിച്ചു. സ്മാര്‍ട് സിറ്റി കൊച്ചി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, വ്യവസായ (കൊച്ചി- ബെംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ ചുമതലകളും അദ്ദേഹം വഹിക്കും.
കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷിനെ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. നികുതി (എക്‌സൈസ്) സെക്രട്ടറി, ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ ചുമതലകളും വഹിക്കും.
ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഡോ. പി.സുരേഷ് ബാബുവിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. അവധി കഴിഞ്ഞെത്തിയ നവജോത് ഖോസയെ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറാക്കി. കെ.ടി.വര്‍ഗീസ് പണിക്കരെ ലീഗല്‍ മെട്രോളജി കണ്‍ട്രോളറാക്കി.
















