തിരുവനന്തപുരം: ഗാന്ധിജിയുടെ കാർട്ടൂണുകൾക്കു നടുവിൽ എത്തിയപ്പോൾ കാക്കിക്കുള്ളിലെ കാർട്ടൂണിസ്റ്റ് ഉണർന്നു. വരച്ചു തീർന്നപ്പോൾ താഴെ ഒരു കുത്തുമിട്ടു. ഒരു ചോദ്യചിഹ്നം പോലെ… കാലപ്രവാഹത്തിൽ ചോദ്യമാവുന്ന ഗാന്ധിജി. കേരള കാർട്ടൂൺ അക്കാദമിയുടെ ‘വരകളിൽ മഹാത്മ ‘ കാർട്ടൂൺ പ്രദർശന പരമ്പരയുടെ സംസ്ഥാനതല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഋഷിരാജ് സിങ്ങ്.
തിരുവനന്തപുരം പട്ടം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർ ഡോ.സി.സി.ജോൺ അധ്യക്ഷനായിരുന്നു. അക്കാദമി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ ആമുഖപ്രസംഗം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ എബി എബ്രഹാം, പി.ടി.എ പ്രസിഡണ്ട് കുരിയാത്തി ഷാജി അക്കാദമി എക്‌സിക്യുട്ടീവ് അംഗം എ.സതീഷ് എന്നിവർ പങ്കെടുത്തു. ഒക്ടോബർ 25 വരെ സംസ്ഥാനത്ത് വിവിധ വേദികളിൽ നടക്കും. ഗാന്ധിജി ജന ഹൃദയങ്ങളിൽ നിറഞ്ഞ നാളുകൾ ഈ കാർട്ടൂണുകളിലുണ്ട്. ഒപ്പം കാലത്തിന്റെ കുഴമറിച്ചിലും.
ശങ്കറിന്റെ ഒരു കാർട്ടൂൺ ഗാന്ധിജിയെ ബ്രിട്ടീഷ് ഭരണാധിപൻ വില്ലിങ്ടൺ പ്രഭു തുറുങ്കിലടക്കുന്നതാണ്. തിരിഞ്ഞു നോക്കുന്ന ബ്രിട്ടീഷുകാരൻ അന്ധാളിക്കുന്നു. മുന്നിലെ ജനക്കൂട്ടത്തിൽ ഓരോരുത്തരും ഗാന്ധിജിയായി മാറിയിരിക്കുന്നു..! അന്ധന്മാർ ആനയെ കണ്ടതുപോലെ ഗാന്ധിജിയെയും രാഷ്‌ട്രീയക്കാരെയും അവതരിപ്പിച്ച അബുവിന്റെ പ്രശസ്തമായ കാർട്ടൂൺ, ഒരു വരയിൽ രാഷ്‌ട്രപിതാവിനെ വരച്ച രംഗയുടെ രചനയും കുട്ടികൾക്ക് കൗതുകമായി.
കുട്ടി, ഒ.വി.വിജയൻ, യേശുദാസൻ, പി.വി.കൃഷ്ണൻ തുടങ്ങിയ പ്രശസ്തരുടെ ഉൾപ്പടെ 100 കാർട്ടൂണുകളും കാരിക്കേച്ചറുകളുമാണ് പ്രദർശനത്തിലുള്ളത്. വ്യാഴാഴ്ച വൈകീട്ട് സമാപിക്കും.
















