കൊച്ചി : പള്ളിത്തര്‍ക്കക്കേസില്‍ ബലപ്രയോഗം നടത്തിയാല്‍ വെടിവെപ്പ് വരെ നടന്നേക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പിറവം വലിയ പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കോതമംഗലം പള്ളിക്കേസില്‍ പോലീസ് ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിച്ചത്. സഭാതര്‍ക്കം പരിഹരിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെടാവുന്ന സാഹചര്യം ഒഴിവാക്കണം. വെടിവെപ്പും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ച് കോടതി വിധി നടപ്പാക്കാന്‍ സാധിക്കില്ലെന്നും പോലിസ് കോടതിയില്‍ അറിയിച്ചു. കോതമംഗലം സിഐയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ശബരിമലയില്‍ വന്‍തോതില്‍ വിശ്വാസികള്‍ക്കു നേര് ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവും നടത്തി വിധി നടപ്പാക്കാന്‍ ഇറങ്ങിയ പിണറായി സര്‍ക്കാരാണ് സഭ വിഷയത്തില്‍ ഇത്തരമൊരു സത്യവാങ്മൂലവുമായി കോടതിയെ സമീപിച്ചത്.
ഓര്‍ത്ത്ഡോക്സ് വിഭാഗത്തിനെ അനുകൂലിച്ചുകൊണ്ടുള്ള ഉത്തരവ് യാക്കോബോയ സമൂഹം ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ കോടതി വിധി നടപ്പാക്കാന്‍ പ്രയാസമാണ്. പള്ളിക്കകത്ത് ബലപ്രയോഗമോ വെടിവെപ്പോ നടത്തുന്നത് സാധ്യമല്ല. കേസില്‍ പരാജയപ്പെട്ടെന്ന കാര്യം അവര്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ഇക്കാര്യം അവരെ ബോധ്യപ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്നും അതെല്ലാം അവര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ വിധി നടപ്പാക്കാന്‍ കഴിയൂ എന്നും ഹൈക്കോടതിയില്‍ പോലീസ് നല്‍കിയ സത്യവാങ്മൂലഗത്തില്‍ പറയുന്നുണ്ട്.
പിറവം പള്ളിയില്‍ ഇന്ന് ഓര്‍ത്ത്ഡോക്സ് വിഭാഗം പ്രവേശിക്കാന്‍ എത്തിയപ്പോള്‍ യാക്കോബായ വിഭാഗം ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിക്കുകയായിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ ഇരു കൂട്ടരുമായി പോലീസ് അനുനയ ചര്‍ച്ചകള്‍ നടത്തി വരികയാണ്. പിറവത്ത് ഓര്‍ത്തഡോക്‌സ് വിഭാഗം ബുധനാഴ്ച രാവിലെ പള്ളിയില്‍ പ്രവേശിക്കാനെത്തിയെങ്കിലും യാക്കോബായ വിഭാഗം ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിക്കുകയായിരുന്നു.തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് അനുനയനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പിറവം സെന്റ് മേരിസ് പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം എത്തിയെങ്കിലും പോലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച പള്ളിയില്‍ പ്രവേശിക്കുമെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് എത്തിയത്.
















