കൊച്ചി: സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറിക്ക് ചുട്ട മറുപടി നല്‍കി സോഷ്യല്‍ മീഡിയയില്‍ താരമായ എസ്ഐ അമൃത് രംഗന് പോലീസ് സേനയുടെ അന്വേഷണ മികവിനുള്ള ഗുഡ് സര്‍വീസ് എന്‍ട്രി. കളമശേരിയില്‍ നടന്ന മയക്കു മരുന്ന് വേട്ടക്കാണ് ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് അംഗീകാരം ലഭിച്ചത്.
കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥിയെ പോലീസ് ജീപ്പില്‍ കയറ്റി ഹോസ്റ്റലില്‍ വിട്ടിരുന്നു. ഇതിനെതിരെയാണ് സിപിഎം നേതാവ് മുന്നറിയിപ്പുമായി എത്തിയത്. കളമശ്ശേരിയുടെ രാഷ്‌ട്രീയം അറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഫോണ്‍ വിളിച്ച് എസ്‌ഐ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയതിനു ലഭിച്ച മറുപടി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ആരുടേയും താത്പ്പര്യത്തിന് നില്‍ക്കാന്‍ പറ്റില്ലെന്ന് ചുട്ട മറുപടിയാണ് എസ്‌ഐ നല്‍കിയത്.
തനിക്ക് ഒരു പാര്‍ട്ടിയോടും കൂറില്ലെന്നും നേരേ വാ നേരേ പോ എന്ന നിലയില്‍ ഇടപെടുന്ന ആളാണ്. കളമശേരി ആരുടേതാണെങ്കിലും ഒരു പ്രശ്‌നവുമില്ല. എനിക്ക് എല്ലാ വിദ്യാര്‍ത്ഥികളും ഒരുപോലെയാണ്. നിലപാട് നോക്കി ജോലി ചെയ്യാന്‍ എനിക്കാവില്ല. ടെസ്റ്റ് എഴുതി പാസ്സായാണ് താന്‍ ജോലിക്ക് കയറിയത്. ആരുടേയും കാലുപിടിച്ചല്ല ഇവിടെ വന്നിരിക്കുന്നത്. ഇവിടെ തന്നെ ഇരിക്കാമെന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവം വിവാദമായതോടെ ബിജെപി നേതാക്കളുള്‍പ്പടെ നിരവധി പ്രമുഖര്‍ പൊതുജനത്തോടൊപ്പം അമൃത് രംഗന് പിന്‍തുണയുമായി എത്തിയിരുന്നു. അതിനിടെ എസ്ഐ തന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും എസ്‌ഐ ചട്ട ലംഘനം നടത്തിയെന്നും സക്കീര്‍ ഹുസൈര്‍ ആരോപിച്ചിരുന്നു.
















