ഗുരുവായൂര്‍: ദൈവിക പരിവേഷമുള്ള ഗജരത്നം പത്മനാഭനെ പൊതുപരിപാടിയില്‍ എഴുന്നള്ളിച്ചതില്‍ പ്രതിഷേധം ശക്തം. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ തറക്കല്ലിടല്‍ ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ദേവസ്വം നല്‍കിയ സ്വീകരണമാണ് ഭക്തരുടെ പ്രതിഷേധത്തിനിടയാക്കിയത്.
ഗുരുവായൂരപ്പന്റെ സ്വര്‍ണക്കോലമെഴുന്നള്ളിക്കുന്ന ആനകളെയാണ് മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ നിയോഗിച്ചത്. പത്മനാഭന് പുറമെ ഇന്ദ്രസനും, വലിയകേശവനും സ്വീകരണത്തിനുണ്ടായിരുന്നു. 75 വയസ് കഴിഞ്ഞതിനാല്‍ പൊതുപരിപാടികളില്‍ പത്മനാഭനെ എഴുന്നള്ളിക്കരുതെന്ന വനംവകുപ്പിന്റെ വിലക്കും മറികടന്നു. ഇത് നാട്ടാനപരിപാലനച്ചട്ടത്തിന്റെ ലംഘനവുമാണ്. സ്വീകരണത്തിന് ദേവസ്വം വാദ്യവിദ്യാലയത്തിലെ കുട്ടികളുടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.
ആധ്യാത്മിക പരിപാടികള്‍ക്ക് മാത്രം ഉപയോഗിക്കുന്ന ഗുരുവായൂര്‍ ദേവസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം പൊതുപരിപാടിക്ക് ഉപയോഗിച്ചതിലും ഭക്തര്‍ എതിര്‍പ്പുയര്‍ത്തി. ഇതില്‍ വിവിധ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഉദ്ഘാടനം ദേവസ്വം പരിപാടിയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നുവെന്നും ആരോപണം.
















