കൊച്ചി: നഗരസഭയ്‌ക്കു കീഴിലുള്ള അഗതിമന്ദിരത്തില്‍ വയോധികയായ അന്തേവാസിയെ സൂപ്രണ്ട് മര്‍ദിച്ചതായി പരാതി. പള്ളുരുത്തി റിലീഫ് സെറ്റില്‍മെന്റില്‍ താമസിക്കുന്ന കാര്‍ത്ത്യായനിയെ (78) മര്‍ദിച്ച സൂപ്രണ്ട് അന്‍വര്‍ ഹുസൈന്‍ അറസ്റ്റില്‍. ചേര്‍ത്തല സ്വദേശിനിയുടെ പരാതിയില്‍ പള്ളുരുത്തി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അഗതി മന്ദിരത്തിലെ ജീവനക്കാരിലാരോ എടുത്ത വീഡിയൊ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഒരു വര്‍ഷം മുന്‍പാണ് കാര്‍ത്ത്യായനിയുടെ മകളെ അഗതിമന്ദിരത്തിലെത്തിച്ചത്. ഇവരെ കാണാന്‍ ഇന്നലെ രാവിലെ കാര്‍ത്ത്യായനി എത്തി. യുവതിയെ ഇവിടെ പ്രവേശിപ്പിക്കുമ്പോള്‍ 2,25,000 രൂപ നിക്ഷേപിച്ച ബാങ്ക് പാസ്ബുക്കും എടിഎം കാര്‍ഡും സ്വര്‍ണാഭരണങ്ങളും അഗതി മന്ദിരം ഓഫീസില്‍ ഏല്‍പ്പിച്ചിരുന്നു. നിക്ഷേപിച്ച പണത്തില്‍ കുറവു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കുന്നതിനാണ് അമ്മയെത്തിയത്.
ഓഫീസിലെത്തി വിവരമന്വേഷിക്കുന്നതിനിടെ പ്രകോപിതനായ സൂപ്രണ്ട് കാര്‍ത്ത്യായനിയെ മര്‍ദിച്ചു. സൂപ്രണ്ടില്‍ നിന്നുള്ള പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ 16ന് യുവതി കൊച്ചി മേയര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, നഗരസഭയില്‍ സൂപ്രണ്ടിനുള്ള സ്വാധീനംമൂലം പരാതിയില്‍ അന്വേഷണമുണ്ടായില്ല.
കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരത്തുള്ള വീട്ടില്‍ രണ്ടു മാസത്തോളം സൂപ്രണ്ട് ജോലിയെടുപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു. ഇവിടെ വച്ച് യുവതിക്ക് നിരവധി തവണ മര്‍ദനമേറ്റതായും പരാതിയിലുണ്ട്. പള്ളുരുത്തി സിഐ ജോയി മാത്യുവിന്റെ നേതൃത്വത്തില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കു വിധേയമാക്കി.
















