കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിലെ അന്വേഷണം തടസ്സപ്പെടരുതെന്ന് ഹൈക്കോടതി. ആരെന്തു പറഞ്ഞാലും പാലത്തിന് ബലക്ഷയം ഉണ്ടായെന്നത് സത്യമാണ്. പാലം പൊളിച്ചു പണിയേണ്ട അവസ്ഥയിലാണ്. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
കേസിലെ ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം.ടി. തങ്കച്ചന്‍, മൂന്നാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍, നാലാം പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. ഹര്‍ജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
വെള്ളിയാഴ്ച പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണം. കേസ് ഡയറി ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ടി. ഒ. സൂരജിനെ വിജിലന്‍സ് വീണ്ടും ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി.
















