കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ വീണ്ടും ചോദ്യം ചെയ്യും. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ശുപാര്‍ശ പ്രകാരമാണ് ഫണ്ട് അനുവദിച്ചതെന്ന വെളിപ്പെടുത്തലിലാണ് ചോദ്യം ചെയ്യല്‍.
സൂരജിനെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ വിജിലന്‍സ് അനുമതി തേടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അന്വേഷണ സംഘം അനുമതി തേടി അപേക്ഷ നല്‍കിയിട്ടുണ്ട്. ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടിയത് ചൂണ്ടിക്കാട്ടി ടി.ഒ. സൂരജിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതിയില്‍ എതിര്‍ക്കാനാണ് സാധ്യത.
ടി.ഒ. സൂരജിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. വി കെ ഇബ്രാഹിം കുഞ്ഞ് പണമിടപാട് നടത്തിയെന്ന സൂചനയുമുണ്ട്. പദവി ദുരുപയോഗം ചെയ്ത് സൂരജ് പണം സമ്പാദിച്ചെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിക്കും. കരാര്‍ കമ്പനിക്ക് വേണ്ടി സൂരജ് ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മുന്‍ മന്ത്രിക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണം നടക്കുകയാണെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിക്കും.
അതേസമയം റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും സൂരജ് പറഞ്ഞിരുന്നു. കേസിലെ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി.ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍മന്ത്രിക്കെതിരായി വിജിലന്‍സ് തെളിവുകള്‍ ശേഖരിക്കുന്നത്.
















