മരട് : അംബരചുംബിയായ ഫ്‌ളാറ്റ് പൊളിക്കരുതെന്ന് പ്രസംഗിക്കുന്നവര്‍ തീരദേശ പരിപാലന നിയമം ചൂണ്ടിക്കാട്ടി തലചായ്‌ക്കാന്‍ കൂരയില്ലാതായ ഒരുകുടുംബത്തിന്റ ദുരിതങ്ങള്‍ അറിയുന്നില്ല. മരട് ഫ്‌ളാറ്റ് ഉടമകളുടെ മറവില്‍ നിര്‍മാണ കമ്പനികള്‍ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ തന്നെയാണ് നഗരസഭ 31ാം ഡിവിഷനിലെ പരേതനായ ജോണ്‍സണിന്റെ ഭാര്യ സുജയും പറക്കമുറ്റാത്ത രണ്ട് മക്കളുടേയും കിടപ്പാടം ഇല്ലാതാക്കിയത്.
മൂന്നര സെന്റില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാറായപ്പോഴാണ് ഇതേ ഉദ്യോഗസ്ഥര്‍ തന്നെ മണ്ണുമാന്തി യന്ത്രവുമായെത്തി സുരക്ഷിതമായി അന്തിയുറങ്ങാമെന്ന അവര്‍ ആശ്വസിച്ചിരുന്ന വീട് പൊളിച്ചത്.
ക്ഷീരകര്‍ഷകനായ നെട്ടൂര്‍ പാടപ്പുരയ്‌ക്കല്‍ ജോണ്‍സണ്‍ ആധാരം പണയംവച്ച് സൊെസെറ്റിയില്‍നിന്നു പത്തുലക്ഷം രൂപ വായ്‌പ വാങ്ങിയാണ് 2015ല്‍ തന്റെ മൂന്നര സെന്റില്‍ വീടുപണി തുടങ്ങിയത്. വീട് നിര്‍മിക്കാനായി നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. പണി തുടര്‍ന്ന് മേല്‍ക്കൂര വാര്‍ക്കുന്നിടത്തോളം എത്തിയപ്പോഴാണ് മരട് നഗരസഭയില്‍നിന്നു സ്റ്റോപ്പ് മെമ്മോയെത്തിയത്.
സ്ഥലംകൈയേറി പെര്‍മിറ്റ് നേടാതെ തീരദേശനിയമം ലംഘിച്ചു പണിതതായാണ് നഗരസഭ ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. അതിന് രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും പൊളിക്കാനുള്ള നോട്ടീസും നല്‍കി വീട് പൊളിക്കുകായിരുന്നു. വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാതെ ജോണ്‍സണ്‍ പോയതോടെ സുജയും മക്കളും എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണിപ്പോള്‍. തോട്ടടുത്തുള്ള കുടുംബ വീട്ടിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്.
നിരവധി അവകാശികളുള്ള ഈ വീട്ടില്‍ എക്കാലവും ഇടമുണ്ടാകില്ല. ഇവരുടെ പൊളിച്ചുമാറ്റിയ വീടിനു തൊട്ടടുത്തായി രണ്ടു വീടുകള്‍ അതേ സമയത്തു നിര്‍മാണം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ജോണ്‍സന്റെ കിടപ്പാടം കളഞ്ഞ തീരദേശനിയമം അവയുടെ കാര്യത്തില്‍ പ്രസക്തമായില്ല.
തീരദേശച്ചട്ടത്തിന്റെ പേരില്‍ വീട് പൊളിച്ചുകളഞ്ഞ സ്ഥലമല്ലേ. ഇനി വീട് നിര്‍മിക്കാനും തടസമുണ്ടാകും. അതിനാല്‍ വാങ്ങാനാളില്ലെന്നും സുജ പരാതിപ്പെട്ടു. തങ്ങളുടെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനാണ് സുജയും മക്കളും തീരുമാനിച്ചിരിക്കുന്നത്.
അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ പരിശോധിക്കണമെന്നും ആരെങ്കിലും തെറ്റ് കാണിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നുമാണു തന്റെ നിലപാടെന്ന് മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍ അറിയിച്ചു.
















