ന്യൂദല്‍ഹി : മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കേരളത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകും. ചീഫ് സെക്രട്ടറി ടോം ജോസ് സമര്‍പ്പിച്ച സത്യവാങ്മൂലം ഇന്ന് കോടതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ടോംജോസ് ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
ഫ്‌ളാറ്റ് പൊളിക്കുമെന്നും തെറ്റ് പറ്റിയെങ്കില്‍ ക്ഷമിക്കണമെന്നും അപേക്ഷിച്ചാണ് നിലവില്‍ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. ഉത്തരവ് നടപ്പാക്കാന്‍ ബാധ്യസ്ഥമെന്ന് അറിയിച്ച് സത്യവാങ്മൂലത്തില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി ആദ്യം അഭ്യര്‍ത്ഥിച്ചിരുന്നു.
കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ എടുത്ത നടപടികള്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്. ഫ്‌ളാറ്റുടമകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കി, പൊളിച്ച് മാറ്റാന്‍ ടെന്‍ഡര്‍ നല്‍കി. നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി തുടങ്ങിയ കാര്യങ്ങളാണ് ചീഫ് സെക്രട്ടറി വിശദീകരിക്കുന്നത്. കോടതി അനുവദിച്ച സമത്ത് ഉത്തരവ് നടപ്പാക്കിയെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്നും ചീഫ് സെക്രട്ടറി അപേക്ഷിക്കുന്നു.
ഫ്‌ളാറ്റ് പൊളിച്ച് മാറ്റണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചുകഴിഞ്ഞു. എന്നാല്‍ എത്ര സമയത്തിനകം പൊളിച്ചു നീക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ചുരുങ്ങിയ സമയ പരിധിക്കകത്ത് 343 ഫ്‌ളാറ്റുകള്‍ ഉള്ള അപ്പാര്‍ട്ടുമെന്റുകള്‍ പൊളിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്, വലിയ സാങ്കേതിക സംവിധാനങ്ങള്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ആവശ്യമാണ്. കോടതി ഉത്തരവ് നടപ്പാക്കാന്‍ മദ്രാസ് ഐഐടിയുടെ വിദഗ്ദ ഉപദേശം കിട്ടിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി കോടതിയില്‍ അറിയിക്കും.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. അതിനിടെ സര്‍ക്കാരും ഫ്‌ളാറ്റ് നിര്‍മാതാക്കളും ഫ്‌ളാറ്റുടമകളെ മനുഷ്യ കവചമാക്കി ഒത്തുകളിക്കുകയാണെന്ന് ആരോപിക്കുന്ന കത്തും ഇന്ന് സുപ്രീംകോടതിക്ക് ലഭിച്ചിട്ടുണ്ട്.
സുപ്രീംകോടതിയില്‍ ഇന്ന് പുതുതായി സ്ഥാനമേറ്റെടുക്കുന്ന നാല് ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷമാണ് മരട് കേസ് പരിഗണിക്കുക.
















