ഭാരതം ഇതുവരെ കാണാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ വിദേശ നയങ്ങളില്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയത്. അതിന് ചുക്കാന്‍പിടിച്ച നയതന്ത്ര വിദഗ്ധനെത്തന്നെ ഇത്തവണ മന്ത്രിയാക്കിയതിലൂടെ അതേനയപരിപാടികള് കുറച്ചുകൂടി കൃത്യതയോടെയും കാര്യക്ഷമമായും തുടരും എന്ന സന്ദേശമാണ് പ്രധാനമന്ത്രി ലോകത്തിന് നല്‍കുന്നത്. വിദേശ രാഷ്ട്രത്തലവന്മാരോട് സൗഹൃദം പുലര്‍ത്തുന്നതിനൊപ്പം വിദേശത്തുതാമസിക്കുന്ന ഭാരതീയരുടെ വിശ്വാസം നേടിയെടുക്കാനും മോദിജിക്ക് കഴിഞ്ഞു എന്നത്, കുത്തഴിഞ്ഞു കിടന്നിരുന്ന നമ്മുടെ നയതന്ത്രബന്ധം എത്രത്തോളം കെട്ടുറപ്പുള്ളതാക്കിയെന്നതിന്റെ തെളിവാണ്. വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന ഭാരതീയര്‍ക്കും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും അനുഭവിക്കേണ്ടിവന്ന പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതായെന്ന് വിദേശ ഇന്ത്യക്കാര്‍ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ തങ്ങളുടെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതികള്‍ കൊടുത്ത് ഭാരത പ്രധാനമന്ത്രിയെ ആദരിച്ചത്, അദ്ദേഹത്തെ അവര്‍ ലോകനേതാവായി അംഗീകരിക്കുന്നതിന്റെ തെളിവാണ്. വിദേശരാജ്യങ്ങളുമായുള്ള വ്യാപാര-നയതന്ത്ര ബന്ധങ്ങള്‍ ദൃഢമാവുകയും രാജ്യത്തിന് അതിന്റെ ഗുണഫലങ്ങള്‍ ലഭിച്ചുതുടങ്ങുകയും ചെയ്തു. ഭാരതത്തിന്റെ അഭിപ്രായത്തിന് അന്താരാഷ്ട്ര സമൂഹം കാതോര്ക്കുന്നെന്നുമാത്രമല്ല ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള സാമ്പത്തിക ശക്തിയായി മാറുന്ന ഭാരതവുമായി അടുക്കാന്‍ അമേരിക്കയുള്‍പ്പെടെയുള്ള വമ്പന്‍ ശക്തികള്‍ കൂടുതല്‍ താല്പര്യം കാട്ടുന്നുമുണ്ട്. വന്‍ ശക്തികളെല്ലാംതന്നെ അവരവരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധാലുക്കളാണ്. ഇത് മനസിലാക്കിക്കൊണ്ട് ഇത്തരം രാജ്യങ്ങളുമായി വ്യാപകമായ ഇടപെടലുകള്‍ നടത്തുമ്പോള്‍ത്തന്നെ അതിലുണ്ടാവുന്ന അസ്വാരസ്യങ്ങള്‍ ശ്രദ്ധാപൂര്‍വം മനസിലാക്കി തിരുത്തല്‍ നടപടികളെടുക്കാനും ഭാരതത്തിനാവുന്നുണ്ട്.
വിദേശ പ്രശ്നങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ പലപ്പോഴും നമ്മുടെ പങ്കാളിരാഷ്ട്രങ്ങളുടെ താല്പര്യങ്ങള്ക്കെതിരാകാന് സാധ്യതയുണ്ട്. അമേരിക്കയുമായുള്ള നമ്മുടെ ബന്ധം ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചാല്‍ ഇത്തരമൊരു അസ്വാഭാവികത ദൃശ്യമാകും. ശീതയുദ്ധാനന്തര കാലഘട്ടം മുതലിങ്ങോട്ട് ഭാരതത്തിന്റെ നയതന്ത്രബന്ധങ്ങളിലെ സ്വാഭാവിക പങ്കാളിയാണ് അമേരിക്ക. എന്നുമാത്രമല്ല ചുരുക്കം ചില അസ്വാരസ്യങ്ങളുണ്ടെങ്കിലും ആ ബന്ധം മുന്നോട്ടുള്ള പാതയില്‍ത്തന്നെയാണ്. തന്ത്രപരമായ താല്പര്യങ്ങളിലെ ഒത്തൊരുമ നയതന്ത്ര സഹകരണത്തോടൊപ്പം പ്രതിരോധ സഹകരണത്തിലേക്കും എത്തിച്ചേര്‍ന്നിരിക്കുന്നു. 2008ല്‍ സിവില്‍ ന്യുക്ലിയര്‍ ഉടമ്പടി ഒപ്പുവയ്ക്കുകവഴി ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ഉഭയകക്ഷിബന്ധത്തിന്റെയും പ്രതിരോധ സഹകരണത്തിന്റെയും നില ഉന്നതിയിലെത്തിയിരുന്നു. 2018ല്‍ അമേരിക്ക ഭാരതത്തെ സ്ട്രാറ്റജിക് ട്രേഡ് ഓഥറൈസേഷന് 1 എന്ന ലിസ്റ്റില്‍ പെടുത്തിയതിനാല്‍ സായുധ ഡ്രോണുകള്‍ തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഇറക്കുമതിചെയ്യാന്‍ ഭാരതത്തിന് സാധിക്കും. 2016ല്‍ ഭാരതത്തെ പ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിച്ചതിനുശേഷമെടുത്ത പ്രധാന ചുവടുവയ്പ്പാണ് സ്റ്റാ-1 പദവി നല്‍കിയതിലൂടെ കണ്ടത്.
ഭാരതത്തിന്റെ വിപണിയില്‍ അമേരിക്കയ്ക്ക് തുല്യവും ന്യായയുക്തവുമായ പ്രവേശനം നിഷേധിക്കുന്നെന്ന ആരോപണമുയര്‍ന്നിരുന്നു. ഭാരതത്തിന് നല്‍കിയിരുന്ന പ്രത്യേക വ്യാപാരപങ്കാളി എന്ന പദവി ഇതോടെ ട്രംപ് ഭരണകൂടം പിന്‍വലിച്ചിരുന്നു. ഈ പദവിയുണ്ടായിരുന്നപ്പോള്‍ ഭാരതത്തില്‍നിന്നുള്ള നികുതിരഹിത ഇറക്കുമതി 5.6 ബില്ല്യണ്‍ ഡോളര്‍ വരെ ആകാമായിരുന്നു. ദേശീയ സുരക്ഷയുടെപേരില്‍ അമേരിക്ക 2018ല്‍ ഭാരതത്തില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഇരുമ്പിനും അലുമിനിയത്തിനും അധിക തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം നിരന്തരമായ നടപടികള്‍ ഭാരതത്തെ പ്രകോപിപ്പിക്കുകയും പകരത്തിനു പകരമെന്നതരത്തില് ഭാരതം 1.4 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ഉല്പന്നങ്ങള്ക്ക് 235 മില്യണ്‍ ഡോളര്‍ നികുതി ചുമത്തുകയും ചെയ്തു. ഇന്‍ഡോ-യുഎസ് ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്ന പ്രതീതി അന്താരാഷ്ട്ര സമൂഹത്തില്‍ സൃഷ്ടിക്കപ്പെടാന്‍ ഇത്തരം നടപടികള്‍ കാരണമായി.
അടുത്തകാലത്തായി ഇന്‍ഡോ-യുഎസ് ബന്ധത്തെക്കുറിച്ച് വരുന്ന വാര്‍ത്താ തലക്കെട്ടുകള്‍ അല്‍പ്പം നിഷേധസൂചകമാണെങ്കിലും ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള വ്യാപാര അടിത്തറ സുസ്ഥിരമാണ്. അമേരിക്കന്‍ വ്യാപാര കൗണ്‍സിലിന്റെ നാല്‍പ്പത്തിനാലാം സമ്മേളനത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. ഭാരതവും അമേരിക്കയും ജനാധിപത്യ രാജ്യങ്ങളാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്തബന്ധം പുതിയതല്ല, മറിച്ച് ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധി മുതലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് അധികാരത്തില്‍ വന്നതിനുശേഷമുള്ള ഭാരത-യുഎസ് ബന്ധത്തിന്റെ ശക്തിയെപ്പറ്റിയും തുടര്‍ സഹകരണത്തിന്റെ ആവശ്യകത എത്രത്തോളമാണെന്നും പോംപിയോ വിശദീകരിച്ചു. അമേരിക്കയുമായുള്ള ഭാരതത്തിന്റെ കേന്ദ്രീകൃത നയതന്ത്രസ്വഭാവമാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ ഈ പ്രസംഗത്തിലൂടെ വെളിവാകുന്നത്.
റഷ്യക്കുമേലുള്ള അമേരിക്കയുടെ ഉപരോധം, ഇറാനും വെനിസ്വലയുമൊക്കെയായി നിലനില്‍ക്കുന്ന യുദ്ധസമാനമായ അന്തരീക്ഷം തുടങ്ങിയവ ഭാരതത്തിന്റെ ഊര്‍ജസുരക്ഷയെ ബാധിക്കുമെന്ന തോന്നല്‍ ഇന്ന് രാജ്യത്തുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെടുത്തി രാജ്യസുരക്ഷയുടെ കാര്യത്തിലും അമേരിക്കയുടെ അഫ്ഗാന് നയം ഭാരതം സൂഷ്മമായി നിരീക്ഷിച്ചുവരുന്നു. പാക്കിസ്ഥാനുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ അമേരിക്കയുടെ മധ്യസ്ഥത ഭാരതം തേടിയെന്ന ട്രംപിന്റെ പ്രസ്താവന ഭാരതം നിഷേധിച്ചെങ്കിലും ഭാവിയില്‍ അങ്ങനെയൊരു മധ്യസ്ഥതക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. തീവ്രവാദത്തിനെതിരെ ഭാരതവും അമേരിക്കയും ഇസ്രയേലും കൈകോര്‍ക്കുന്നതിലൂടെ പാക്കിസ്ഥാന് ഉള്‍പ്പെടെയുള്ള ഭീകരരാജ്യങ്ങള് അങ്കലാപ്പിലാവും.
വിദേശനയ രൂപീകരണത്തിലുള്ള സ്വയംഭരണാധികാരം ഭാരതത്തെ സംബന്ധിച്ചിടത്തോളം എന്നും പ്രാധാന്യമുള്ള കാര്യമാണ്. തന്റെ പുതിയ നയങ്ങളിലൂടെയും ഊഷ്മളമായ ഇടപെടലുകളിലൂടെയും അമേരിക്കയുമായി കൂടുതല്‍ അടുക്കാന്‍ നരേന്ദ്രമോദി ശ്രമിക്കുന്നതിനോടൊപ്പം റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി സൗഹൃദം നിലനിര്‍ത്താന്‍ കഴിയുന്നുമുണ്ട്. എല്ലാ വന്‍ശക്തികളും വിവിധ പങ്കാളിത്തമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഈ ആഗോള പരിതസ്ഥിതിയില്‍ ഭാരതവും പ്രശ്നാധിഷ്ഠിത നിലപാടുകളിലൂടെ പുതിയ പങ്കാളിത്തമേഖലകള് തുറക്കാന്‍ ശ്രമിക്കുന്നു. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ബന്ധങ്ങളുടെ മൂല്യം നിലനിര്‍ത്താന്‍ തന്ത്രപരമായ അടിത്തറ ശക്തമാകേണ്ടതിന്റെ ആവശ്യകത ഭാരതവും അമേരിക്കയും തിരിച്ചറിയുന്നുണ്ട്.
രാജ്യങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍ക്കിടയില്‍ സംഭവിച്ചേക്കാവുന്ന അനിവാര്യമായ അസ്വസ്ഥതകളെ കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രങ്ങളും പരിപാടികളും ആവിഷ്കരിക്കേണ്ടതുണ്ട്. എല്ലാത്തിനുമുപരി പ്രശ്നങ്ങളെ ചര്‍ച്ചചെയ്ത് പരിഹരിക്കാനുള്ള ജനാധിപത്യ മര്യാദയാണ് ഏറ്റവും വലുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: