ഹ്യൂസ്റ്റണ്‍: അമേരിക്കയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശന പരിപാടികളുടെ ഭാഗമായി ഹ്യൂസ്റ്റണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവാസികളുമായി കൂടിക്കാഴ്‌ച്ച നടത്തി. കശ്മീരി പണ്ഡിറ്റുകളുള്‍പ്പടെ വിവിധ സമുദായാംഗങ്ങളെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
കശ്മീര്‍ വിഷയത്തിലെ നിര്‍ണായ തീരുമാനത്തിനു കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറഞ്ഞ കശ്മീരി പണ്ഡിറ്റുകള്‍ പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ കൈമുത്തിയാണ് കശ്മീരി പണ്ഡിറ്റുകള്‍ തങ്ങളുടെ സന്തോഷം അറിയിച്ചത്. പ്രവാസി സമൂഹവുമായി നടത്തിയ കൂടിക്കാഴ്‌ച്ചയുടെ വീഡിയോയും ചിത്രങ്ങളും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു. സിഖ്, ദാവൂദി ബൊഹ്‌റ സമുദായാംഗങ്ങളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
ഇന്ത്യയുടെ വികസനത്തോടുള്ള സിഖ് ജനതയുടെ താത്പര്യം സന്തോഷം പകരുന്നു. അവര്‍ക്ക് ഇനിയും ഉയര്‍ച്ചയുണ്ടാകട്ടെയെന്നും ഹ്യൂസ്റ്റണിലെ സിഖ് സമൂഹവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. അറുന്നൂറോളോം ഇന്ത്യന്‍ സംഘടനകളുടെ സഹകരണത്തോടെ ടെക്സസിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ‘ഹൗഡി മോദി’ പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കും. അര ലക്ഷത്തോളം പേരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്.

ഹൗഡി ഹൂസ്റ്റണ്‍, ഏറെ ശോഭയാര്‍ന്ന ഒരു സായാഹ്നമാണിത്. ഏറെ ഊര്‍ജസ്വലമായ ഈ നഗരത്തില്‍ നിന്നും ഇന്നും നാളെയും വിപുലമായ പരിപാടികള്‍ പ്രതീക്ഷിക്കുന്നുവെന്ന് അമേരിക്കയിലെത്തിയ ശേഷം നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഒത്തുകൂടുന്ന ഒരു പരിപാടിയില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കുന്നത്. ‘ഹൗഡി മോദി’ പരിപാടിയില്‍ ട്രംപ് പങ്കെടുക്കുന്നത്, ഇന്ത്യ – അമേരിക്ക ബന്ധത്തിലെ പുതിയ നാഴികക്കല്ലാക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപെടുത്താനും ഇത് സഹായിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡറും ഐക്യരാഷ്‌ട്രസഭയുടെ ഇന്ത്യന്‍ സ്ഥിരം പ്രതിനിധിയുമായ സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. ആഗോള നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയര്‍ത്താനും അമേരിക്കയുടെ വിശ്വസ്ത പങ്കാളിയാകാനുമുള്ള അവസരം ഇതിലൂടെ കൈവരുമെന്നാണ് വെള്ളിയാഴ്ച അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് മോദി പറഞ്ഞത്. ഇന്നലെ ഹൂസ്റ്റണില്‍ പ്രമുഖ ഊര്‍ജകമ്പനികളുടെ സി.ഇ.ഒമാരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. നാളെ യു. എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും.
















