കോഴിക്കോട്: പത്തൊമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മതംമാറാന്‍ നിര്‍ബന്ധിച്ചതിനെതിരായ പരാതിയില്‍ ഒന്നര മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ പോലീസ്. കോഴിക്കോട് നടക്കാവ് സിഐ, മെഡിക്കല്‍ കോളേജ് സിഐ, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണര്‍ എന്നിവര്‍ക്കടക്കം പരാതി നല്‍കിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിനിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് ഇസ്ലാമിലേക്ക് മതം മാറണമെന്നും അല്ലെങ്കില്‍ നവമാധ്യമങ്ങള്‍ വഴി ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
കോഴിക്കോട്ടെ സ്വകാര്യസ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം. നടുവണ്ണൂര്‍ സ്വദേശിയായ ജാസിമാണ് സിഎ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ വലയില്‍ വീഴ്‌ത്തിയത്. സഹപാഠിയായ യുവാവ് സൗഹൃദം നടിച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി നടക്കാവ് പോലീസ് സ്റ്റേഷനില്‍ ആഗസ്റ്റ് നാലിനാണ്് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (ഏഴ്) കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. കോഴിക്കോട്ട് സരോവരം പാര്‍ക്കില്‍ സംഭവം നടന്നതിനാല്‍ കേസ് മെഡിക്കല്‍ കോളേജ് സ്റ്റേഷനിലേക്ക് റഫര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. കേസന്വേഷണ വിവരം ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ മൂസ വള്ളിക്കാടന്‍ പറയുന്നത്.
കോഴിക്കോട്ട് നഗരത്തിലെ ക്രൈസ്തവ ആരാധനാലയത്തോട് ചേര്‍ന്ന വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിയെ തട്ടിക്കൊണ്ടുപോകാനും പ്രതികള്‍ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിന്റെ സിസിടിവിയില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ രാഷ്‌ട്രീയ സമ്മര്‍ദത്താല്‍ പോലീസ് മടിക്കുകയാണ്. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ പ്രധാനിയുടെ ബന്ധുവായതിനാലാണ് പ്രതിയെ പോലീസ് അറസ്റ്റ്‌ചെയ്യാന്‍ മടിക്കുന്നതെന്നാണ് ആരോപണം.
അമ്പതോളം പെണ്‍കുട്ടികളെ കഴിഞ്ഞ മൂന്ന് മാസത്തിനിടയ്‌ക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികളെ വ്യാപകമായി മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നുണ്ട്. എന്നാല്‍, മാനഹാനിയും പേടിയും കാരണം പലരും പരാതിപ്പെടുന്നില്ല. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, വനിതാകമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കാനാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ നീക്കം.
















