പാലക്കാട്: ഒരു ജീവിതകാലം കൊണ്ട് സ്വരൂക്കൂട്ടിയതെല്ലാം പ്രളയത്തില്‍ നഷ്ടപ്പെട്ടവര്‍ക്ക് കനിവിന്റെ വെട്ടവുമായി സേവാഭാരതി. പാലക്കാട് ജില്ലയിലെ 22 കുടുംബങ്ങള്‍ക്ക് സേവാഭാരതി നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം 30ന് വൈകിട്ട് മൂന്നിന് ജൈനിമേട് എന്‍എന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സുരേഷ് ഗോപി എംപി നിര്‍വഹിക്കും.
‘തലചായ്‌ക്കാനൊരിടം’ പദ്ധതിയുടെ ഭാഗമായാണ് വീടുകള്‍ നിര്‍മിക്കുന്നത്. സേവാഭാരതി ജില്ലാ അധ്യക്ഷന്‍ റിട്ട. ജില്ലാ ജഡ്ജി എം.ആര്‍. ബാലചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഓലശ്ശേരി ദയാനന്ദാശ്രമം സ്വാമി കൃഷ്ണാത്മാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. സീമ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി എ. ഗോപാലകൃഷ്ണന്‍, സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. കെ. പ്രസന്നമൂര്‍ത്തി, സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ് എന്നിവര്‍ സംസാരിക്കും. വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, കൗണ്‍സിലര്‍ വി. നടേശന്‍, റെഡ് ക്രോസ് സംസ്ഥാന ചെയര്‍മാന്‍ വി.പി. മുരളീധരന്‍, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഫെബ്രുവരിയിലാണ് വീട് നിര്‍മാണം തുടങ്ങിയത്. അഞ്ച് ലക്ഷം രൂപ ചെലവില്‍ 420 ചതുരശ്രഅടിയിലുള്ള വീടുകളാണ് നിര്‍മിച്ചത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ചിലര്‍ വീടിന് അര്‍ഹരായിട്ടും നിര്‍മിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രളയത്തിനിടെ മലമ്പുഴ ഡാം തുറന്നുവിട്ടതിനെത്തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ മലമ്പുഴ മണ്ഡലത്തിലെ ആണ്ടിമഠത്തില്‍ നാലു വീടുകളാണ് സേവാഭാരതി പുനര്‍ നിര്‍മിക്കുന്നത്. കൊല്ലങ്കോട് ആറ് അകത്തേത്തറ, പുത്തൂര്‍, പറളി, മേപ്പറമ്പ്, എലപ്പുള്ളി, ജൈനിമേട് എന്നിവിടങ്ങളില്‍ ഓരോന്ന്, ഒറ്റപ്പാലത്ത് രണ്ട്, മൂത്താന്തറയില്‍ മൂന്ന് വീടുകളും നിര്‍മിച്ചു.
















