ന്യൂയോര്‍ക്ക്: ഇന്ന് ഹൗഡി മോദി റാലിക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യാനൊരുങ്ങി ഹൂസ്റ്റണ്‍. മറ്റൊരു രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നേതാവിന്റെ പരിപാടിക്കായി അമേരിക്കയില്‍ ഒത്തുചേരുന്ന ഏറ്റവും വലിയ ജനക്കൂട്ടമായിരിക്കും ഹൂസ്റ്റണിലേത്. ചുഴലിക്കാറ്റും മഴയും മൂലം ഹൂസ്റ്റണില്‍ പ്രതികൂല കാലാവസ്ഥയാണുള്ളതെങ്കിലും മോദിയെത്തുന്നതിന്റെ ആവേശത്തിലാണ് അമ്പതിനായിരത്തില്‍പരം ഇന്ത്യക്കാര്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടി എത്തുന്നതോടെ, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി അഭിസംബോധന ചെയ്യുന്ന ആദ്യ പൊതുപരിപാടി കൂടിയാകുമിത്. അമേരിക്കയിലെ വലിയ സ്റ്റേഡിയങ്ങളിലൊന്നായ എന്‍ആര്‍ജി ഫുട്ബോള്‍ സ്റ്റേഡിയമാണ് മൂന്ന് മണിക്കൂര്‍ നീളുന്ന ഹൗഡി മോദിക്ക് വേദിയാകുക. ചടങ്ങ് അവിസ്മരണീയമാക്കാന്‍ 1500ല്‍പരം സന്നദ്ധസേവകര്‍ മുന്നൊരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ് വി. ഷ്രിംഗള ഒരുക്കങ്ങള്‍ വിലയിരുത്തി.
ദൃഢമായ സൗഹാര്‍ദം വിളിച്ചോതുന്ന തരത്തില്‍ ഇരുരാജ്യങ്ങളുടെയും പതാകകളേന്തി വെള്ളിയാഴ്ച കാര്‍ റാലി സംഘടിപ്പിച്ചിരുന്നു. ‘വീണ്ടും നമോ’ എന്നെഴുതിയ വസ്ത്രങ്ങള്‍ ധരിച്ചാണ് സംഘാടകരും സന്നദ്ധസേവകരുമെത്തിയത്.ഇരു രാജ്യങ്ങളുടെയും ഐക്യത്തിന്റെയും സംസ്കാരങ്ങളുടെയും ആഘോഷമാകും ചടങ്ങ്. ദൃഢമാകുന്ന ഇന്ത്യ-അമേരിക്ക ബന്ധത്തിലൂന്നിയാകും ചടങ്ങില്‍ മോദി സംസാരിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു. ഹൗഡി മോദിയിലെ സാന്നിധ്യത്തിലൂടെ പ്രധാനമന്ത്രിയോടുള്ള ആദരവും സൗഹൃദവുമാണ് ട്രംപ് ഉയര്‍ത്തിക്കാട്ടുന്നത്.
ഇന്ത്യന്‍ സമൂഹത്തിന്റെ ഊര്‍ജവും വൈവിധ്യവും വിളിച്ചോതുന്ന, 400 കലാകാരന്മാര് അണിനിരക്കുന്ന, വോവണ്‍ എന്ന സാംസ്കാരിക പരിപാടിയോടെയാണ് ചടങ്ങിന് തുടക്കം. അമേരിക്കന്‍ സമയം രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടി 1.30 വരെ ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ തത്സമയം സംപ്രേഷണം ചെയ്യും.74-ാമത് യുഎന്‍ പൊതുസഭയുടെ ഭാഗമായി അമേരിക്കയിലെത്തിയ മോദി, ചൊവ്വാഴ്ച വീണ്ടും ട്രംപുമായി ചര്‍ച്ച നടത്തും. പ്രാദേശിക, ആഗോള, ഉഭയകക്ഷി വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തും. നിലവിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്ക് ഇതോടെ അന്തിമ പരിഹാരമാകുമെന്നും രണ്ടു രാജ്യങ്ങളും പ്രതീക്ഷിക്കുന്നു. 27ന് യുഎന്‍ പൊതുസഭയില്‍ പ്രധാനമന്ത്രി പ്രസംഗിക്കും.
















