ഇടുക്കി: കോടതി വിധി മറികടന്ന് നിര്‍മ്മിച്ച പള്ളിവാസലിലെ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനാനുമതി ദേവികുളം സബ്കളക്ടര്‍ രേണുരാജ് റദ്ദാക്കി. ആവശ്യമായ രേഖകള്‍ ഹാജരാക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സാധിക്കാതെ വന്നതോടെയാണ് കെട്ടിടത്തിന്റെ എല്ലാ രേഖകളും റദ്ദ് ചെയ്ത് കലക്ടര്‍ ഉത്തരവിറക്കിയത്.
നിലവില്‍ റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെയായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതിയോടെ കെട്ടിടം പണി പൂര്‍ത്തിയാക്കിയതും പ്രവര്‍ത്തനം ആരംഭിച്ചതും. പിന്നീട് കെട്ടിടത്തിന്റെ പ്രവര്‍ത്തനത്തെ ചൊല്ലി വിവാദങ്ങള്‍ ഉണ്ടായതോടെ പഞ്ചായത്ത് ഡയറക്ടര്‍ കെട്ടിടത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ ഡയറക്ടറിനു വില കല്‍പിക്കാതെ പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിനു പ്രവര്‍ത്തനാനുമതി നല്‍കി.
കെട്ടിടവുമായി ബന്ധപ്പെട്ട രേഖകളെ കുറിച്ച് സംശയമുണര്‍ന്നതോടെ റവന്യൂ വകുപ്പ് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യമായ രേഖകള്‍ ഹാജരാക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതാണ് സെക്രട്ടറിയെ കുഴപ്പത്തിലാക്കിയത്. പരിസ്ഥിതി ലോലമായ പ്രദേശത്ത് കെട്ടിട നിര്‍മ്മാണത്തിന് എന്‍ഒസി നിര്‍ബന്ധമാണ്. ആവശ്യമായ രേഖകള്‍ ഇല്ലാതെയും പഞ്ചായത്ത് നേരത്തേ കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു.
















