കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ മനംനൊന്ത് ആത്മഹത്യയ്‌ക്ക് ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. എലത്തൂര്‍ എസ്.കെ. ബസാറിലെ നാലൊന്നുകണ്ടി രാജേഷ് (42) ആണ് മരിച്ചത്. എലത്തൂര്‍ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്നതിനെ ചൊല്ലിയായിരുന്നു സംഘര്‍ഷമുണ്ടായത്.ഈമാസം 15ന് വൈകുന്നേരം അഞ്ചരയ്‌ക്ക് റോഡരികിലായിരുന്നു ആത്മഹത്യാശ്രമം. പൊള്ളലേറ്റ രാജേഷിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കണ്ടാലറിയാവുന്ന പത്തോളം സിപിഎം പ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് ആക്രമിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് രാജേഷ് കോഴിക്കോട് അഞ്ചാംക്ലാസ് മജിസ്‌ട്രേറ്റ് കണ്ണന് മൊഴി നല്‍കിയിരുന്നു. അടയ്‌ക്ക പറിക്കുന്ന തൊഴിലാളിയായ ഇദ്ദേഹം ഈ മേഖലയില്‍ ജോലി ഇല്ലാതായതോടെ വായ്‌പയെടുത്ത് പുതിയ ഓട്ടോ വാങ്ങിയെങ്കിലും സ്റ്റാന്‍ഡില്‍നിന്ന് ഓടിക്കാന്‍ സി.ഐ. ടി.യു. യൂണിയന്‍കാര്‍ അനുവദിച്ചില്ലെന്നും പലപ്പോഴായി തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നുമാണ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി. സംഭവത്തില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകരെ കഴിഞ്ഞദിവസം എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യ: രജിഷ. അച്ഛന്‍: പരേതനായ അച്യുതന്‍. അമ്മ: ഗൗരി. സഹോദരങ്ങള്‍: വിനോദ് (ഫാറൂഖ്), വിജയന്‍, സബിത, പവിത, പരേതരായ വിന്‍സണ്‍, വിപിന്‍.
















