Categories: Samskriti

വേലയും പൂരവും കൊടിയേറും കാലം

വില്വാദ്രിനാഥന്റെ നിറമാലയോടെ മധ്യകേരളത്തിലെ ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും  വേലകള്‍ക്കും കേളികൊട്ടുയര്‍ന്നു. തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ സ്ഥിതിചെയ്യുന്ന ചിരപുരാതന ഹൈന്ദവക്ഷേത്രമാണ് ശ്രീവില്വാദ്രിനാഥക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനും അനുജന്‍ ലക്ഷ്മണനുമാണ് ഇവിടത്തെ പ്രതിഷ്ഠകള്‍. തിരുവില്വാമല ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സമുദ്രനിരപ്പില്‍ നിന്ന് നൂറടി ഉയരത്തിലാണ് ഈ ക്ഷേത്രമുള്ളത്. 

നിളയുടെയും ഗായത്രിയുടേയും ചാരുതയില്‍, വശ്യമനോഹരിയായ  തിരുവില്വാമല പുനര്‍ജ്ജനിയുടെ പുണ്യംകൊണ്ടും പ്രശസ്തമാണ്. സാഹിത്യത്തിലും കലാരംഗത്തും കുലപതികളെ സമ്മാനിച്ച നാടാണിത്. കന്നിമാസത്തിലെ ആദ്യവ്യാഴാഴ്ച വില്വമലയുടെ വിസ്മയമായ  പഞ്ചാരിമേളവും പഞ്ചവാദ്യവും തായമ്പകയും പെയ്തിറങ്ങിയപ്പോള്‍ ഭക്തിയും കലയും സംഗമിച്ച നിറമാലമഹോത്സവം കലോപാസകര്‍ക്കും സഹൃദയര്‍ക്കും ഇനിയുള്ള ഒരു വര്‍ഷത്തേക്കുള്ള ഊര്‍ജമാവുകയായിരുന്നു. 

പൂരങ്ങളും ഉത്സവങ്ങളും വേലകളും താലപ്പൊലിയുമൊക്കെ ഇവിടുത്തെ ജനതതിയുടെ ആവേശമാണ്. ഉത്സവങ്ങളുടെ തിരക്ക് ആരംഭിക്കുന്നത് വൃശ്ചികമാസത്തോടെയാണെങ്കിലും തിരുവില്വാമല നിറമാലമുതല്‍ ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളാവുകയായി. വില്വാദ്രിനാഥന്റെ തിരുസന്നിധിയില്‍നിന്നും താളസപര്യതുടങ്ങാന്‍ മോഹിക്കാത്ത കലാകാരന്‍മാരുണ്ടാകില്ല. ഒരു ഉത്സവക്കാലം മുഴുവന്‍ താളംപിഴക്കാതിരിക്കാനുള്ള നാദാര്‍ച്ചന. പ്രഗത്ഭരായ വാദ്യക്കാരൊക്കെ ഇവിടെ ദേവസമക്ഷം വഴിപാടായി താളപ്പെരുക്കം തീര്‍ത്തവരാണ്. പ്രതിഫലമോ സ്ഥാനമോ നോക്കാതെതന്നെ. ആനകളെ എഴുന്നള്ളിക്കുന്നതിന് ആനയുടമസ്ഥര്‍ മറ്റുള്ളക്ഷേത്രങ്ങളില്‍നിന്നും വ്യത്യസ്ഥമായി സമര്‍പ്പണമനോഭാവത്തോടെയാണ് ഇവിടെയത്തുന്നത്. ഓരോ ഉത്സവവും മലയാളിക്ക് ഓരോ അനുഭവമാണ്. ഉത്സവം എന്ന പദത്തിന്റെ അര്‍ത്ഥംതന്നെ  ഊര്‍ദ്ധ്വഭാഗത്തേക്കുള്ള ഒഴുക്ക്  എന്നാണല്ലോ.  

ഓണവും,വിഷുവും,തിരുവാതിരയുമൊക്കെപ്പോലെ ഇവിടത്തെ  വേലപൂരങ്ങളും പഴയകാലത്തെ കാര്‍ഷികോത്സവങ്ങള്‍ ആയിരുന്നു. ഉത്സവം എന്നു പൂരങ്ങളെയും വേലകളെയുമൊക്കെ പൊതുവായി  പറയാറുണ്ടെങ്കിലും കൊടിയേറ്റും ആറാട്ടുമൊക്കെയായി ആറും എട്ടും പത്തും ദിവസം നീളുന്ന വിശേഷങ്ങളെയാണ് ക്ഷേത്രങ്ങളിലെ ഉത്സവം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉത്സവങ്ങള്‍ അങ്കുരാദി, ധ്വജാദി, പടഹാദി,അശനാദി എന്നിങ്ങനെ 4 തരത്തിലുണ്ട്. ക്ഷേത്രത്തിന്റെ മുളയറയില്‍ മുളയിട്ടുകൊണ്ട് (ധാന്യങ്ങള്‍ മുളപ്പിക്കല്‍) നിത്യവും അവിടെ രണ്ടുനേരം മുളപൂജനടത്തുന്ന ഉത്സവങ്ങളെയാണ് അങ്കുരാദി എന്നുപറയുന്നത്. അങ്കുരം എന്ന വാക്കിന്റെ അര്‍ഥം  മുള എന്നാണല്ലോ. കൊടി കയറിയിട്ടുള്ള ഉത്സവമാണ് ധ്വജാദി ഉത്സവം. വാദ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുളള ഉത്സവങ്ങളാണ് പടഹാദിയില്‍ വരുന്നത്. എന്നാല്‍ ഇതില്‍നിന്നൊക്കെ വ്യത്യസ്തമായി ഭക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നതാണ്രേത അശനാദി ഉത്സവം. കേരളത്തില്‍ പലയിടത്തും കണ്ടുവരുന്ന കൊങ്കിണിക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് അന്നദാനത്തിന് വളരെ പ്രാധാന്യം കൊടുത്തുകാണുന്നു. അന്നദാനം മഹാദാനമല്ലെന്നല്ല ഇതുകൊണ്ടുദ്ദേശിച്ചത്. 

കേരളത്തില്‍ കൊടിയേറ്റവും ആറാട്ടുമടക്കമുള്ള ഉത്സവങ്ങളില്‍ സമൃദ്ധമായി ശുദ്ധപഞ്ചാരിമേളം പെയ്തിറങ്ങുന്ന് രണ്ട് ഉത്സവങ്ങളാണ് വൃശ്ചികത്തിലെ തൃപ്പൂണിത്തുറ ഉത്സവവും മേടമാസത്തിലെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവവും. തൃപ്പൂണിത്തുറ പൂര്‍ണത്രയീശയീശക്ഷേത്രത്തില്‍ ഉത്സവം 8 ദിവസവും കൂടല്‍മാണിക്യത്തില്‍ കൊടിയേറ്റും ആറാട്ടുമടക്കം ഉത്സവം 11 ദിവസവുമാണ്.   വേലയും പൂരവും കേമം പാലക്കാട് തൃശൂര്‍ ജില്ലകളിലാണ്. ഉത്സവസീസണില്‍ വാദ്യക്കാര്‍ക്കൊപ്പം കാവായ കാവുതാണ്ടി ആയിരക്കണക്കിനു ആസ്വാദകരും  തൃശ്ശൂരിലേയും, പാലക്കാടിന്റെയും മണ്ണിലേക്ക് ഒഴുകും.

ഉത്സവങ്ങളുമായി ബന്ധപ്പെടുത്തിപ്പറയുമ്പോള്‍ ഓരോമലയാളമാസത്തിലും ഓരോ ദിവസത്തിന് വളരെ പ്രാധാന്യമാണുള്ളത്. കന്നിമാസത്തില്‍ തിരുവില്വാമല നിറമാലയും നവരാത്രിയും .നവരാത്രിക്കാലം നാടെങ്ങും അറിവിന്റെ ഹരിശ്രീകുറിക്കുന്ന നാളുകളാണ്. പാലക്കാട് ജില്ലയില്‍ക്ഷേത്രങ്ങളില്‍ ഈ നാളുകളില്‍ നടക്കുന്ന വാദ്യവിസ്മയങ്ങള്‍ ഏരെ പേരുകേട്ടതാണ്. കൊടുന്തിരപ്പുള്ളിയും പുതുക്കോടും എടുത്തുപറയേണ്ടതാണ്. വാദ്യക്കമ്പത്തില്‍ ഇളകിയാടുന്ന നൂറുകണക്കിനുവരുന്ന സ്ത്രീകള്‍ ഇവിടത്തെ പ്രത്യകതയാണ്. തുലാമാസത്തില്‍ ക്ഷേത്രങ്ങളില്‍ വാവാറാട്ട് നടക്കുന്നു. ദീപാവലിയോടനുബന്ധിച്ചും പലക്ഷേത്രങ്ങളിലും ഇപ്പോള്‍ ആഘോഷമുണ്ട്. വൃശ്ചികമാസത്തില്‍ തൃക്കാര്‍ത്തികയും ധനുമാസത്തിലെ തിരുവാതിരയും മകരത്തിലെ തൈപ്പൂയവും കുംഭത്തിലെ ശിവരാത്രിയും മീനത്തിലെ ആറാട്ടുപുഴപൂരവും മേടത്തിലെ തൃശൂര്‍ പൂരവും ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവവും കഴിഞ്ഞാളാണ് ഇവിടത്തെ ഉത്സവകാലത്തിന് കൊടിയിറങ്ങുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക